ജയരാജ് ഭാരതി

ഇന്നലെ മഹാസമാധിയിൽ ഗുരുപാദങ്ങളിൽ വിലയം പ്രാപിച്ച സ്വാമിനി കൃഷ്ണമയി രാധാദേവി അമ്മയെ പരിചയപ്പെടുന്നത് ഏകദേശം 40 വർഷങ്ങൾക്കു മുമ്പ് ഇടപ്പള്ളി പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തിൽ വെച്ചാണ്. അന്ന് ആ ക്ഷേത്ര സന്നിധിയിൽ 10 ദിവസത്തോളം ഗുരു നിത്യ ക്ലാസെടുത്തിരുന്നു. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് ഈയുള്ളവൻ പ്രവേശിച്ച കാലമായിരുന്നു അത്. ആ കാലങ്ങളിൽ തന്നെയാണ് ഇന്നത്തെ ഗുരുകുല അധ്യക്ഷനായ മുനി നാരായണ പ്രസാദ് ഗുരുവിനെയും ആദ്യമായി കാണുന്നത്. ( അന്നദ്ദേഹം വെള്ള വസ്ത്രം ധരിച്ച ബ്രഹ്മചാരി ആയിരുന്നു ) അന്നത്തെ നിത്യ ഗുരുവിന്റെ പഠനക്ലാസിലെ വിദ്യാർത്ഥിനികൾ ആയിരുന്ന എന്റെ ആത്മീയ ഭഗനിമാർ
സുഗത പ്രമോദും സന്ധ്യാ തിരുനിലത്തും ഗുരു കാണിച്ചുതന്ന ജീവിതപന്ഥാ വിലൂടെ മുന്നേറുന്നതും ഏറെ ധന്യത തരുന്ന കാര്യങ്ങൾ തന്നെ.

രാധമ്മ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന സ്വാമിനി കൃഷ്ണമയി രാധാദേവിക്കൊപ്പമാണ് ഇന്ദിരമ്മയെയും ( സ്വാമിനി ജ്ഞാനമയി ഇന്ദിരാദേവി ) പരിചയപ്പെടുന്നത്. ഇന്ദിരമ്മായുമായി മാതൃ – പുത്ര ബന്ധമാണ് ഈയുള്ളവനു ഉണ്ടായിരുന്നത്.
അന്ന് രാധ ടീച്ചർ എന്ന് ഞങ്ങൾ വിളിച്ചിരുന്നു രാധമ്മ സ്വതസിദ്ധമായ സ്നേഹ ഭാവം മറച്ചുവെച്ച് ഒരു സ്കൂൾ ടീച്ചറുടെ കാർക്കശ്യത്തോട് കൂടി തന്നെയാണ് അക്കാലത്ത് കുട്ടികളോട് പെരുമാറിയിട്ടുള്ളത്. വളരെ കാലങ്ങൾക്ക് ശേഷമാണ് അമ്മയുടെ മാതൃവാത്സല്യ ഭാവം തിരിച്ചറിയാനായി കഴിയുന്നത്.

നിത്യ ഗുരുവിന്റെ മഹാസമാധിക്ക് ശേഷം വളരെ അപൂർവ്വം അവസരങ്ങളിൽ മാത്രമേ രാധമ്മയെ നേരിൽ കാണാനായി കഴിഞ്ഞിരുന്നുള്ളൂ . കഴിഞ്ഞ കുറച്ചു കാലങ്ങളായി അമ്മ ഞങ്ങളുടെ കുടുംബ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിരുന്നു. രണ്ടുവർഷം മുമ്പ് പ്രിയ സുഹൃത്ത് പി. ആർ.ശ്രീകുമാറിന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്ന അമ്മയെ പറവൂരിലെ അമ്മയുടെ വീട് ആയ ഈശാവാസ്യത്തിൽ നിന്നും എറണാകുളത്തേക്കും തിരിച്ച് വീട്ടിലേക്കും കൊണ്ടുവരുവാനുള്ള നിയോഗം കിട്ടിയിരുന്നു. ആ യാത്രയിൽ പരാഭട്ടരക ചട്ടമ്പിസ്വാമി തിരുവടികളുടെ മഹാ സമാധിസ്ഥാനമായ പന്മന ആശ്രമത്തിന്റെ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദതീർത്ഥ പാദരും അമ്മയുടെ ആത്മസുഹൃത്ത് ഫിലോമിന ടീച്ചറും ഉണ്ടായിരുന്നു.

അതിനുശേഷം ആണ് 10 ദിവസം അമ്മ കൊരട്ടിയിലെ എന്റെ വീട്ടിൽ താമസിക്കാൻ വന്നത്. ഞങ്ങളുടെ ചര്യകളെയെല്ലാം ക്രമപ്പെടുത്താൻ തന്നെയാണ് അന്ന് അമ്മ വീട്ടിൽ വന്ന് താമസിച്ചതെന്ന് ഇപ്പോൾ ബോധ്യമാവുന്നു. അന്ന് ചാലക്കുടിയിലും കൊരട്ടിയിലും എല്ലാമുള്ള സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ഒരു സൽസംഗം നടത്തുവാനും ഗുരുകൃപയാൽ കഴിഞ്ഞിരുന്നു.

വീട്ടിൽ താമസിക്കുന്ന അവസരത്തിലാണ് ഇനി ഒരു ക്ഷേത്രദർശനം മാത്രമേ അവശേഷിക്കുന്നുള്ളൂ അത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ആണ് എന്ന് അമ്മ പറയുന്നത്. ഗുരു നിത്യയേ കാണാനായി പ്രശസ്ത മലയാള കവി സ്വർഗീയ വിഷ്ണുനാരായണൻ നമ്പൂതിരിപ്പാട് ഇടയ്ക്കിടയ്ക്ക് ഗുരുകുലത്തിൽ വരുമായിരുന്നു. ശ്രീ വല്ലഭ ക്ഷേത്രത്തിലെ താന്ത്രിക സ്ഥാനം കൂടി അദ്ദേഹത്തിനുണ്ടായിരുന്നുവല്ലോ. അങ്ങനെ വരുന്ന സന്ദർഭങ്ങളിലെല്ലാം തന്നെ ശ്രീ വല്ലഭ ക്ഷേത്രത്തെക്കുറിച്ച് ഗുരുവും കവിയും തമ്മിൽ സംസാരിക്കാറുണ്ടായിരുന്നു. അക്കാലം മുതൽ അമ്മയ്ക്ക് വല്ലഭ ക്ഷേത്രദർശനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ടും അത് നീണ്ടു പോയിരുന്നു. അടുത്ത ദിവസം തന്നെ അമ്മയെയും കൊണ്ട് ഞാനും സഹധർമ്മിണി ബിന്ദുവും തിരുവല്ലയിലേക്ക് യാത്ര തിരിച്ചു. ഗുരുകുല ബന്ധുക്കളായ വിശ്വനാഥൻ ശൈലജ ദമ്പതികളുടെ ഓതറയിലുള്ള വീട്ടിൽ വിശ്രമിച്ച് പിറ്റേദിവസം ആണ് വിശ്വേട്ടനോടൊപ്പം വല്ലഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്. ഏറെ ധന്യതയോടെ ആ യാത്ര സ്മരണകൾ മനസ്സിൽ നിൽക്കുന്നു. ഇത് തന്റെ അവസാന ക്ഷേത്രദർശനം ആയിരിക്കും, ഇനി ഒരു ക്ഷേത്രസന്നിധിയിലേക്ക് പോകാനായി മനസ്സ് അനുവദിക്കുന്നില്ല എന്നായിരുന്നു അന്ന് അമ്മ പറഞ്ഞത്. അത്രത്തോളം സ്വഗുരുവിനോടും ഉപാസ്യ ദേവതകളോടും സാധനാ തലങ്ങളിൽ അമ്മ സ്വാത്മ്യം പ്രാപിച്ചിരുന്നു.

ജീവൻ മുക്താവസ്ഥയെ കുറിച്ച് ശാസ്ത്രങ്ങൾ പറയുന്നുണ്ട്. അത്തരത്തിൽ ശാസ്ത്രങ്ങൾ പറയുന്ന രീതിയിലുള്ള ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിക്കുകയാണെങ്കിൽ നിസംശയം ഞാൻ പറയും ” ഉണ്ട്,കണ്ടിട്ടുണ്ട്. സ്വാമിനി കൃഷ്ണമയി രാധാദേവിയിൽ ആ ഭാവം കണ്ടിട്ടുണ്ട് ” എന്ന്‌. രോഗശയ്യയിൽ ആയിരുന്ന സമയത്തു പോലും താൻ അനുഭവിക്കുന്ന വേദനകൾ മറച്ചുവെച്ച് അമ്മയെ കാണാനായി വരുന്നവരോടെല്ലാം സ്നേഹത്തോടെ പെരുമാറുന്ന അമ്മയുടെ രൂപം മനസ്സിൽ നിന്നും മായുന്നില്ല. ചാലക്ക ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന സമയത്ത് ഒരു ദിവസം വർക്കല നാരായണ ഗുരുകുലത്തിലെ ത്യാഗീശ്വര സ്വാമിജിയും, തൃശ്ശൂർ ശ്രീരാമകൃഷ്ണാ ആശ്രമത്തിലെ നന്ദാത്മജാനന്ദ സ്വാമിജിയും പി ആർ ശ്രീകുമാറും ഞാനും കൂടി അമ്മയെ സന്ദർശിക്കാനായി പോയിരുന്നു. ഞങ്ങളെ എല്ലാവരെയും കണ്ട് സമയത്ത് രോഗാവസ്ഥകൾ എല്ലാം മറന്ന്‌ ഗുരുവിനെ കുറിച്ചും ഗുരുകുല കാര്യങ്ങളെക്കുറിച്ച് എല്ലാമായിരുന്നു അമ്മയുടെ സംസാരം.

ആരോടും പരിഭവങ്ങൾ ഇല്ലാതെ തന്റെ മുന്നിൽ വന്നു പെടുന്ന എല്ലാവരേയും മാതൃസ്നേഹത്തിന്റെ പാരമ്യതയിൽ നിന്ന് അനുഗ്രഹിക്കുന്ന രാധമ്മയുടെ തിളങ്ങുന്ന കണ്ണുകൾ… അതൊരിക്കലും മനസ്സിൽ നിന്നും മായുകയില്ല.

ഗുരുപാദുകങ്ങളിൽ സഹസ്ര പ്രണാമങ്ങൾ അർപ്പിക്കുന്നു🙏🙏🙏🙏

error: Content is protected !!