തിരുവനന്തപുരം : ലൈംഗികപീഡനം നേരിട്ട അതിജീവിതമാരെഅവഹേളിക്കുന്ന പ്രവണത നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി അഭിപ്രായപ്പെട്ടു. സത്യൻ സ്മാരക ഹാളിൽ നടന്ന കമ്മീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകളെ കേവലം ഉപഭോഗവസ്തുക്കളായി കാണുന്ന തെറ്റായ വീക്ഷണഗതിക്ക് ശക്തിപകരുന്ന സമീപനങ്ങളാണ് അടുത്തകാലത്തായി കാണുന്നത്.  ബോധപൂർവ്വം സൃഷ്ടിക്കുന്ന ഓർഗനൈസ്ഡ് കാമ്പയിനുകൾ കേരളത്തിൽ വർധിച്ചുവരുന്നു വന്നത് ആശങ്ക ഉളവാക്കുന്നു. സോഷ്യൽ മീഡിയ യും മറ്റ് മാധ്യമങ്ങൾ വഴിയും അതിജീവിതമാരെയും അവരെ പിന്തുണയ്ക്കുന്നവരെയും  മാനസികമായി തളർത്താൻ ശ്രമിക്കുകയാണ്.

നിയമം അതിജീവിതമാർക്ക്  നൽകുന്ന പരിരക്ഷയെപ്പോലും നിഷേധാത്മകമായ നിലയിൽ കാണുന്നു എന്നാണ് സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന  പ്രവൃത്തികളെ ‘നോർമലൈസ്’ ചെയ്യുകയാണ് ചിലരുടെ ലക്ഷ്യം. ഇത് അനുവദിക്കാനാകില്ലായെന്നും, അതിജീവിതമാരെയോ അവർക്ക് സംരക്ഷണം നല്കുന്നവരെയോ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ ഐ ടി ആക്ടിലെ സെക്ഷൻ  67, 67A  പ്രകാരവും 1986 ലെ  The Indecent Representation of Women (Prohibition) Act പ്രകാരവും നിയമനടപടികൾ സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകുമെന്നും  അഡ്വ. സതീദേവി പറഞ്ഞു

error: Content is protected !!