പ്രൊ. ബി.ഹൃദയകുമാരി
സ്വയം കുറ്റപ്പെടുത്തുന്നതും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതുമാണ് നമ്മുടെ സമൂഹത്തിലെ രണ്ടു പൊതുപ്രവണതകൾ.ഈ രണ്ടു ദൂ ഷ്യങ്ങളെക്കുറിച്ചു യവനചിന്തകനായ Epictetus നൂറ്റാണ്ടുകൾക്കപ്പുറം ഓർമ്മിപ്പിച്ചിട്ടുണ്ട്. സ്വയം കുറ്റപ്പെടുത്തുന്നതും മറ്റുള്ളവരെ കുറ്റ പ്പെടുത്തുന്നതും വിദ്യാഭ്യാസമില്ലായ്മയുടെ സൂചനകളാണ്. ആത്മവിമർശനം അവസാനിപ്പിച്ചു ആത്മപരിശോധന തുടങ്ങുന്നതാണ് ഒരുവൻ വിദ്യാഭ്യാസം നേടിയിട്ടുണ്ടെന്നതിന്റെ സൂചന. വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരു വ്യക്തി സ്വന്തം പരാജയങ്ങൾക്കു ഒരിക്കലും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയില്ല. സ്വയവും കുറ്റപ്പെടുത്തില്ല. എന്നാൽ സ്വന്തം തെറ്റുകൾ വിലയിരുത്തി,അവയിൽ നിന്ന് പാഠങ്ങൾ പഠിക്കുന്ന അയാൾ ഓരോ പരാജയത്തെയും വിജയത്തിന്റെ നെല്ലിപ്പലകയാക്കും. മറ്റുള്ളവരെ കുറ്റപ്പെടുത്തതുന്നതാണ് വിദ്യാ രാഹിത്യത്തിന്റെ പ്രധാന ലക്ഷണം.സ്വയം കുറ്റപ്പെടുത്തുന്നതാണ് മറ്റൊരു ലക്ഷണം. സ്വയംകുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെ സദ്ഫലങ്ങൾ കണ്ടുതുടങ്ങുന്നു. സർക്കാർ റോഡ് നന്നാക്കുന്നില്ല,അധ്യാപകന് പഠിപ്പിക്കാൻ അറിയില്ല, കൂട്ടുകാർ,ബന്ധുക്കൾ ഇവർ മോശക്കാരാണ്…എന്നിങ്ങനെപോകുന്നു പലരുടെയും പരിദേവനങ്ങൾ!!! കുട്ടിക്കാലത്ത് സ്നേഹം ലഭിച്ചില്ല,മാതാപിതാക്കൾ ക്രൂരത കാട്ടി എന്നിങ്ങനെപോകുന്ന കാരണങ്ങളാലാണ് മനോരോഗങ്ങൾ ഉണ്ടാകുന്നതെന്നാണ് ചില മന:ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇതൊന്നും പൂർണ്ണമായും ശരിയല്ല.നമ്മുടെ ചെയ്തികൾക്കു നാം തന്നെയാണ് ഉത്തരവാദികൾ എന്നതാണ് സത്യം.
( ഹൃദയകുമാരി അന്തരിച്ചിട്ടു പതിനൊന്നു വർഷം പിന്നിടുന്നു. ആകാശവാണിയിൽ അവർ നടത്തിയ സുഭാഷിതം പ്രഭാഷണം.)

