
ടി.കെ വിനോദൻ

സാധാരണക്കാരിൽ സാധാരണക്കാരൻ എന്നൊക്കെ എപ്പോഴും പറഞ്ഞ് പറഞ്ഞ് ഒരു അർത്ഥവുമില്ലാതായി മാറിയിരിക്കുന്നു. അക്ഷരാർത്ഥത്തിൽ സാധാരണക്കാരിൽ സാധാരണക്കാരോടൊപ്പം അവരിൽ ഒരാളായി ജീവിച്ച കലാകാരനായിരുന്നു ജയപാലപ്പണിക്കർ. അഞ്ചാലുംമൂട്ടിലും പരിസരപ്രദേശങ്ങളിലും സാധാരണക്കാരിൽ ഒരാളായി ജീവിച്ച ജയപാലപ്പണിക്കർ വലിയ ചിത്രകാരനാണെന്ന് നിരന്തരം അദ്ദേഹവുമായി ഇടപെട്ട പലർക്കും അറിയുകപോലുമില്ലായിരുന്നു.
“ഇവിടെ ജീവിക്കാതെ പാരീസിലോ മറ്റോ പോയിരുന്നെങ്കിൽ കേരളം താങ്കളെ കൊണ്ടാടുമായിരുന്നു”എന്ന് ഞാൻ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞു. ആർക്കുവേണം കൊണ്ടാടൽ എന്ന ഭാവത്തിൽ ഒരു ചിരിയായിരുന്നു ഉത്തരം. ആ ചിരിയിൽ നഷ്ടബോധത്തിന്റെ നേരിയ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. വലിയ ചിത്രകാരൻ ആയിരിക്കുമ്പോഴും മണ്ണിൽ പണിയെടുക്കാൻ ഉത്സാഹമായിരുന്നു ജയപാലപ്പണിക്കർക്ക്. തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോഴുള്ള അഭിമാനം താൻ കൃഷിചെയ്തുണ്ടാക്കിയ പച്ചക്കറി ഉല്പന്നങ്ങൾ കാണിക്കുമ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു.
പരസ്യമായി കള്ളുഷാപ്പിൽ കയറി കള്ളു കുടിക്കുകയും മണ്ണിൽ കൃഷി ചെയ്യുകയും സാധാരണക്കാരായ സൃഹൃത്തുക്കളുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുകയും ചെയ്ത ജയപാലപ്പണിക്കർ പബ്ലിസിറ്റിയിൽ ഭ്രമമില്ലാത്ത ഒറിജിനൽ കലാകാരനായിരുന്നു. ഇടപെടലിലും പെരുമാറ്റത്തിലും നാട്യലേശമില്ലാതിരുന്ന പച്ച മനുഷ്യൻ. അതുല്യനായ ചിത്രകാരൻ.
(പ്രശസ്ത ചിത്രകാരൻ ജയപാലപ്പണിക്കർ ഓർമ്മയായിട്ട് ഇന്ന് ( നവംബർ 5 ) 22വർഷം തികയുന്നു.)
