മത്സ്യംവരെയെത്തിയ കവിത…
ശ്രീകുമാർ കരിയാട്
മെല്ലെ മെല്ലെ കവിതയെഴുത്ത് വീണ്ടും തുടങ്ങി.
ആദ്യമെഴുതിയ അക്ഷരത്തിനു പിന്നാലെ മറ്റൊരക്ഷരം.
മത്സ്യം !!
എന്ന വാക്കുണ്ടായി.
അതിനുനീന്താനൊരു കുളം.
കുളത്തിൻ കരയിൽ രാവണൻ.
രാവണൻ ചൂണ്ടയിടുന്നു.
അവന്റെ പത്തുതലകളും കുളത്തിൽ പ്രതിബിംബിക്കുന്നു.
മത്സ്യനടയിൽ പ്രതിബിംബങ്ങളെല്ലാം കലങ്ങി ഒരേങ്കോണത്തലയനായി കുളത്തിലെ രാവണൻ.
പുറത്തെ രാവണൻ ഇരുപതുകൈകൊണ്ടും ചൂണ്ടയിടുന്നു.
മത്സ്യം ആ ചൂണ്ടകളിലൊന്നും കുരുങ്ങാതെ .
മെല്ലെമെല്ലെ കവിതയെഴുത്തുവീണ്ടും നീങ്ങി.
രാവണൻ മാഞ്ഞു.
ആദ്യത്തെ വാക്ക് അതേപടി നിന്നു.
മത്സ്യം.
മത്സ്യം വരെയെത്തി കവിത.
⚫

