ജി.ഹരി നീലഗിരി. തിരുവനന്തപുരം: കനകക്കുന്നിൽ ഇന്നാരംഭിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ ഡോ.വാസുകി ഐ.എ.എസ് നടത്തിയ സർഗ്ഗസംവാദം സദസ്സിന് ഒരു ഉന്നതോദ്യോഗസ്ഥ ചൊല്ലിക്കൊടുത്ത വിപ്ലവകവിതയുടെ ആവേശവും ആഴവും നിറഞ്ഞതായി. സൗമ്യമായ മുഗ്ദ്ധഛന്ദസിൽ ഉയർന്നുതുടങ്ങിയ വാക്കുകൾ അതിഭാവുകത്വത്തിലേക്കു വഴുതിവീഴാതെതന്നെ അഗ്നിശരങ്ങളായി തരുണ മനസുകളിലേക്കാഴ്ന്നിറങ്ങി.സമകാലിക ജീവിതത്തിലെ പൊയ്ക്കാഴ്ചകളിലേക്കു വാസുകി കുട്ടികളുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ കുട്ടികളും ആ ദുഃഖ:സത്യങ്ങളിലേക്കുണരു ന്നതിന്‌ കുട്ടികൾക്കൊപ്പം അധ്യാപകരും അപൂർവ്വം രക്ഷിതാക്കളും അടങ്ങുന്ന സദസ്സ് സാക്ഷ്യം വഹിച്ചു. കുഞ്ഞുങ്ങളേ മാപ്പ് ! തൻ്റെ തലമുറ ചെയ്ത തെറ്റുകൾക്ക്‌ പുതുതലമുറയോട് മാപ്പ് പറഞ്ഞാണ് വാസുകിയുടെ പ്രഭാഷണം വേറിട്ട വഴികളിലൂടെ സഞ്ചരിച്ചുതുടങ്ങിയത്. ‘ഞങ്ങളുടെ തലമുറയും അതിനു മുൻപത്തെ തലമുറയും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്.എൻ്റെ തലമുറയ്ക്കുവേണ്ടിയും മുൻതലമുറയ്ക്കുവേണ്ടിയും ഞാൻ നിങ്ങളോട് മാപ്പു പറയുന്നു.നിങ്ങൾ കരുത്തരാണ്.പോയ തലമുറയുടെ തെറ്റുകൾ തിരുത്താൻ നിങ്ങൾക്കാകും,’ ഡോ.വാസുകി പറഞ്ഞു. സാങ്കേതികപുരോഗതി സമൂഹത്തിൽ വരുത്തിയിട്ടുള്ള പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് അവർ തൻ്റെ പ്രഭാഷണം ആരംഭിച്ചത്. ഡിജിറ്റൽ എക്സ്പോഷർ കൂടിവരുന്നതനുസരിച്ചു ഗ്ലോബൽ ഇൻ്റലിജൻസ് കുറഞ്ഞുവരുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇമോഷണൽ ഇൻ്റലിജൻസും കൊഗിനിറ്റിവ് എഫിഷൻസിയും സാങ്കേതികലോകത്ത് കുറഞ്ഞുവരുന്നു. മുൻപൊക്കെ മറ്റുകുട്ടികളുമായി കളിക്കാൻ അവസരമുണ്ടായിരുന്നു.ഇത് ഇരുപത് ശതമായി കുറഞ്ഞു.
‘….ഇമോഷണൽ ഇൻ്റലിജൻസ് കുറഞ്ഞതോടെ അനുകമ്പയും കുറഞ്ഞു.മറ്റുള്ളവർക്കു വേണ്ടി കണ്ണീർ പൊഴിക്കുന്നവർ ഇന്ന് കുറവാണ്.ഇമോഷണൽ ഇൻ്റലിജൻസ് കുറയുന്നത് സമൂഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ തലമുറയിൽ പ്രശ്നങ്ങൾ കൂടുതലാണോ എന്ന വാസുകിയുടെ ചോദ്യത്തിന് അരുണിമ എന്ന വിദ്യാർത്ഥിനി പൊട്ടിക്കരഞ്ഞുകൊണ്ടാണ് മറുപടി നൽകിയത്. ‘ഇന്ന് മിക്കവർക്കും മനുഷ്യത്വമില്ല.പെൺകുട്ടികൾക്ക് ഒരു സുരക്ഷയുമില്ല..’,അവൾ കണ്ണീർവാർത്തു കൊണ്ടു പറഞ്ഞു.വേദിയിൽ നിന്നിറങ്ങിയ മന:ശാസ്‌ത്രജ്ഞ കൂടിയായ പ്രഭാഷക കുട്ടിയെ ആശ്ലേഷിച്ചു സമാശ്വസിപ്പിച്ചു. ‘കൺസ്യുമറിസം എവിടെയും പിടിമുറുക്കിയിരിക്കുന്നു…’ നാലാം ക്ലാസിൽ വാങ്ങിയ പേന താൻ പന്ത്രണ്ടാം ക്ലാസിൽവരെ ഉപയോഗിച്ചു.എന്നാൽ ഇന്നോ? യൂസ് ആൻ്റ് ട്രോ സംസ്കാരമാണ് എവിടെയും.വിവാഹ ബന്ധങ്ങളിലും ഇത് കാണാം.ഒന്നും ആരും റിപ്പയർ ചെയ്യുന്നില്ല.ബന്ധങ്ങളും ക്ഷണ ഭംഗുരങ്ങളായി.ഉപഭോഗസംസ്കാരം സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് ആളുകളെ തടയുന്നു.ഗൂഗിൾ ആണ് ഇന്ന് മിക്കവർക്കും ഗുരു.യഥാർത്ഥ ഗുരുത്വം എങ്ങോ പോയ്‌മറഞ്ഞു.വിർച്ച്വൽ ലോകത്തെ ചതിക്കുഴികൾ വ്യക്തമാക്കുന്ന ‘സോഷ്യൽ ഡിലെമ’, ‘ഷോപ്പിംഗ് കോൺ സ്പിറസി’ എന്നീ ഡോക്യുമെൻ്ററികളിലേക്ക് വാസുകി കുട്ടികയുടെ ശ്രദ്ധ ക്ഷണിച്ചു.ഉപഭോക്താവിൻ്റെ ആരോഗ്യം തകർത്ത് ലാഭംകൊയ്യുന്നതാണ് ഇന്നത്തെ വിപണി.നമ്മൾ ചെയ്യുന്ന തൊഴിൽ മറ്റുള്ളവർക്ക് നന്മ ഉണ്ടാക്കുന്നുണ്ടോ എന്നു മിക്കവരും ചിന്തിക്കുന്നില്ല. ഈ രീതിയിൽ ലോകത്തിനു മുന്നോട്ടുപോകാൻ കഴിയില്ല.’ റീലുകൾ നാലുമണിക്കൂർ കാണുന്നവരിൽ രാസപരിണാമം ഉണ്ടാകുന്നു…’ ‘ആരോഗ്യമില്ലാത്ത ഒരു തലമുറയാണ് ഇന്ന് വളർന്നുവരുന്നത്…ഭൂമിയെയും മനുഷ്യരെയും എങ്ങിനെ സന്തോഷിപ്പിക്കണമെന്ന് നാം ചിന്തിക്കണം’. സമൂഹത്തിലെ പുരുഷാധിപത്യത്തിലേക്കും വാസുകി കുട്ടികളുടെ ശ്രദ്ധ ക്ഷണിച്ചു.ഇമോഷണൽ ഇൻ്റലിജൻസ് സ്ത്രീകൾക്കാണ് എന്നു പറഞ്ഞ ഡോ. വാസുകി നേതൃത്വ പദവികളിലേക്ക് സ്ത്രീകൾ കൂടുതലായി വരണമെന്ന് ആഹ്വാനം ചെയ്തു.

error: Content is protected !!