
ആർട്ടിസ്റ്റ് പുഷ്കിൻ
എല്ലാ പ്രഭാതങ്ങളിലും ഞാൻ കണി കാണുന്നത്,
മുറ്റത്തെ തരി മണ്ണിൽ അനേകം ഈർക്കിലുകളിൽ
തീർത്ത സൂക്ഷ്മ ബ്രഷിൻ മുനകൾ കൊണ്ട് അമ്മ സൃഷ്ട്ടിക്കുന്ന വരകളുടെ ദൃശ്യ സന്ദേഹങ്ങളെയാണ്.
ചിലപ്പോൾ ഞാൻ ഉറക്കത്തിലായിരിക്കും ആ സമയങ്ങളിൽ.
അപ്പോഴെല്ലാം പ്രഭാതം എന്നോട് വന്ന് പറയും.
‘മുറ്റമെന്ന ആ കാൻവസ്സിനെ ചെന്ന് നോക്ക്.
അതിൻറെ നാല് അതിരുകളിലൂടെ നടന്ന്,
അതിൽ നിൻറെ അമ്മ വരച്ച മൂർത്ത രേഖകളിലെ
ആത്മപരിത്യാഗങ്ങളെ കാണ്.
അവയിലെ ആത്മാർപ്പണങ്ങളെ നോക്കി,
അതുപോലെ വരക്കാൻ നീയും പഠിക്ക്.’
ആഴമുള്ള ഓരോ വരകളുടേയും ഇരു കരകളിലെ
മൺ തരികൾ കാറ്റിൽ വിറക്കുന്നതാണ്
ഞാൻ അവിടെ എത്തുമ്പോൾ കാണുന്നത്.
തിളങ്ങുന്ന പോറലുകളായി, കാലത്തിൻറെ ഭാഗധേയമായി
ആർക്കും മറികടന്ന് പോകാൻ ആകാത്ത വിധം
വെളിച്ചം, അപ്പോഴേക്കും പ്രപഞ്ചത്തിന് മുഴുവനും
ആ വരകളെ കാണിച്ചു കൊടുത്തിരിക്കും.
അർത്ഥവൃത്തത്തിലും, തിരസ്ഛീനവുമായി.
തുല്യ അകലത്തിലും, ദീർഘവും, ഹർസ്സ്വവുമായി.
അങ്ങനെ രചിക്കപ്പെട്ട അനേകം രേഖകളുടെ
അടുക്കുകളെ വെളിച്ചം ആശ്ലേഷിച്ചു കിടക്കുന്നു.
ആ ചതുര ചിത്രത്തിൻറെ അരുകിലൂടെ
ഒരു ഘടികാരത്തിൻറെ ഏറ്റവും മടിയനായ
ചെറിയ സൂചികയുടെ വേഗത്തിലും നിസംങ്കതയിലും
ഒരു കാഴ്ചക്കാരനായി ഞാൻ നടക്കാൻ തുടങ്ങും.
അപ്പോഴാണ്, വീടിന് മുന്നിലെ, വരാന്തയിലെ കൈവരിക്കരുകിലെ
ചാരുകസ്സേരയിലിരുന്ന് പത്രം വായിക്കുന്ന അച്ഛൻ
വെറ്റില മുറുക്കി ചുമപ്പിച്ച ജലശീകരങ്ങളെ
ആ മുറ്റത്തിൽ രചിച്ച ദൃശ്യ വിസ്മയത്തിലേക്ക് തുപ്പുന്നത്.
അപ്പോഴാണ്, ഇഴപിണഞ്ഞ രണ്ട് വരകളെ
യാത്രാ രേഖകളായി പതിപ്പിച്ചു കൊണ്ട്,
ജേഷ്ഠൻ ആ മുറ്റത്തിലൂടെ സൈക്കിൾ ചവിട്ടി പോകുന്നത്.
അപ്പോഴാണ്, കൂർത്ത മുനകളുള്ള ചെരുപ്പുകൾ അണിഞ്ഞു
ചേച്ചി ആ മുറ്റത്തിൽ ചുറ്റിനടന്ന് ഒരു പുസ്തകം വായിക്കുന്നത്.
അപ്പോഴാണ്, ‘ചിത്തിര’യെന്ന് പേരുള്ള
പുളിമരം, ആ മുറ്റത്തിൻറെ അക്ഷോഭ്യതയിലേക്ക്
തൻറെ സിദ്ധമായ ഇലകളെ കുടഞ്ഞിടുന്നത്.
ഇതൊന്നും അമ്മ അറിയുന്നതേയില്ല.
അറിയാൻ അമ്മ ആഗ്രഹിക്കുന്നതുമില്ല.
അവർ അച്ഛന് പ്രീയപ്പെട്ട തീയ്യലിന് അരയ്ക്കുന്നു.
ജേഷ്ഠൻറെ ഉടുപ്പുകൾ കഴുകുന്നു.
ചേച്ചിയുടെ മുറി വൃത്തിയാക്കുന്നു.
‘ചിത്തിര’ പുളിമരത്തിൻറെ ചുവട്ടിൽ വിതറാൻ
അടുപ്പിൽ നിന്നും വാരിയ ഒരു പാത്രം ചാരവുമായി
അടുക്കളയുടെ പുകപിടിച്ച ജനൽ അഴികളിലൂടെ,
ഇമവെട്ടാതെ, പുറത്തെ പകലിനെ നോക്കി നിൽക്കുന്നു.
ഞാൻ ഇപ്പോഴും ആ മുറ്റത്തിൻറെ അതിരുകളിൽ തന്നെയാണ്.
പകൽ എങ്ങനെയാണ് ഭൂമിയിലെ ഓരോ വസ്തുവിൻറെയും
ലളിതമായ ഭാവുകത്വങ്ങളിൽ മാത്രം കൂടുതൽ തിളങ്ങുന്നത് എന്നും,
ആ തിളക്കത്തിൽ നിന്നും എത്രയധികം കാല്പനിക ബോധങ്ങളാണ്
ഓരോ വസ്തുവിൽ നിന്നും സ്വതന്ത്രമാകുന്നതെന്നും
അങ്ങനെ സ്വാതന്ത്രമാകുന്നവ എന്തിനാണ് ആ വസ്തുവിനെ
തങ്ങളിൽ നിന്നും വീണ്ടും സ്വതന്ത്രമാകാൻ
അനുവദിക്കാത്തതെന്നും ഞാൻ പഠിച്ചു.
അവക്ക് സംഭവിച്ച എല്ലാ രൂപ പരിണാമങ്ങളേയും ഞാൻ കണ്ടുകഴിഞ്ഞു.
അവക്ക് വീണ്ടും സംഭവിക്കാൻ പോകുന്ന
എല്ലാ നിയതികളേയും എനിക്ക് കാണുകയും വേണം.
ഇപ്പോൾ വീടിൻറെ നിഴൽ,
മുറ്റത്തിൻറെ പകുതിയും മറച്ചു കൊണ്ട് കടന്നു വരുന്നു.
അച്ഛൻ പത്രം മടക്കി വെച്ചു വീണ്ടും വെറ്റില മുറുക്കുന്നു.
ജേഷ്ഠൻ, ദൂരെ നിന്നും സൈക്കിൾ ചവിട്ടി മുറ്റത്തേക്ക് വന്ന് കയറുന്നു.
ചേച്ചി, ഒലിവ് നിറത്തിലുള്ള നിവർത്തിയ കുടയുമായി
മുറ്റത്തിലൂടെ നടന്ന് പുറത്തേക്ക് പോകുന്നു.
കാറ്റ് പുളിമര ശിഖരങ്ങളിൽ വന്നിടിച്ചു
അതിൻറെ അത്യൽപ്പമായ ഇലകളെ, മുറ്റമെന്ന
വൈജാത്യങ്ങളുടെ മുകളിലേക്ക് ചിതറിക്കുന്നു.
ഒരു മഴപോലെ അവ ചെന്ന്, ആ കാൻവസ്സിൽ
നിരത്തി വെച്ച ഹൃദയ തുടിപ്പുകളിൽ പതിക്കുന്നു.
അമ്മ തീർത്ത ആ വിചിത്രമായ വരകൾക്ക് മുകളിൽ
ജീവിതത്തിൻറെയും കാലത്തിൻറെയും
ക്ഷമയില്ലാത്ത വിരലടയാളങ്ങൾ
ഒന്നിന് മീതെ മറ്റൊന്നായി രേഖപെടുത്തുന്നു.
eh pushkin 2020