തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരുമോ മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായം അനുവദിച്ചുവരുന്ന സ്നേഹപൂർവ്വം പദ്ധതി പ്രകാരം 2025-26 അദ്ധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സ്ഥാപന മേധാവികൾ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക്: http://kssm.ikm.in, 1800-120-1001.
ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു
ഏകാരോഗ്യത്തിന് എല്ലാ ജില്ലകളിലും കമ്മ്യൂണിറ്റി വോളണ്ടിയർമാർ
സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണ സംവിധാനം വിശദമായ മാർഗരേഖ പുറത്തിറക്കി
ഏകാരോഗ്യം (വൺ ഹെൽത്ത്) പരിപാടിയുടെ ഭാഗമായി സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണത്തിന് (Community Based Surveillance: സി.ബി.എസ്) തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിശദമായ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തദ്ദേശ തലത്തിൽ നടപ്പിലാക്കുന്ന സാമൂഹ്യാധിഷ്ഠിത രോഗനിരീക്ഷണ സംവിധാനം അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണ്. നാലു ജില്ലകളിലെ 266 തദ്ദേശ സ്ഥാപനങ്ങളിൽ 251 എണ്ണം സി.ബി.എസ് സംവിധാനം നടപ്പിലാക്കുന്നതിന് ഗവേണിങ്ങ് കൗൺസിൽ തീരുമാനമെടുത്തതിന്റെ ഔദ്യോഗിക രേഖ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകളിൽ നടപ്പിലാക്കിയ ഏകാരോഗ്യം പരിപാടി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
മനുഷ്യരും സസ്യ, ജന്തുജാലങ്ങളും അവയുൾപ്പെടുന്ന പരിസ്ഥിതിയും തമ്മിൽ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അവയെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിപാടിയാണ് വൺ ഹെൽത്ത്. ഏകാരോഗ്യം പരിപാടിയുടെ ഒരു പ്രധാന ഘടകമാണ് സാമൂഹ്യാധിഷ്ഠിത രോഗ നിരീക്ഷണം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പകർച്ചവ്യാധികൾ എത്രയും നേരത്തെ കണ്ടെത്തി അവ തടയുകളയും പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണിത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച കമ്മ്യൂണിറ്റി വേളണ്ടിയർമാരുടെ പങ്കാളിത്തത്തോടെയുള്ള ഒരു സാമൂഹികാധിഷ്ഠിത നിരീക്ഷണ സംവിധാനമായാണ് സിബിഎസ് വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹ്യാധിഷ്ഠിത രോഗനിരിക്ഷണ സംവിധാനം വിജയപ്രദമാക്കുന്നതിന് വൻതോതിലുള്ള ജനപങ്കാളിത്തം ആവശ്യമാണ്. ഇതിന്റെ ഭാഗമായി മനുഷ്യർ, പക്ഷിമൃഗാദികൾ, പരിസ്ഥിതി എന്നിവയുടെ ആരോഗ്യത്തെ ബാധിക്കാവുന്ന അസ്വാഭാവിക സംഭവങ്ങൾ നിരന്തര നിരീക്ഷണത്തിലൂടെ കണ്ടെത്തി, അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിന് സന്നദ്ധപ്രവർത്തകർക്ക് പരിശീലനം നൽകി പ്രാപ്തരാക്കും. ഇത് രോഗ പ്പകർച്ച തടയുന്നതിനുള്ള അവശ്യ നടപടികൾ സ്വീകരിക്കുന്നതിനായി സംവിധാനങ്ങളെ സജ്ജമാക്കുന്നതിന് സഹായിക്കും.
ആദ്യഘട്ടത്തിൽ ഏകാരോഗ്യം നടപ്പിലാക്കിയ നാല് ജില്ലകളിൽ വാർഡ്/ഡിവിഷൻ അടിസ്ഥാനത്തിൽ പ്രദേശവാസികളിൽ നിന്നും 7 കമ്മ്യൂണിറ്റി മെന്റർമാരെയും 49 കമ്മ്യൂണിറ്റി വോളണ്ടിയർമാരെയും വീതം തെരഞ്ഞെടുത്ത് പ്രാഥമികതല പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ട്. ബാക്കിജില്ലകളിലേക്ക് വ്യാപിപ്പിക്കുമ്പോൾ ഓരോ വാർഡ്/ഡിവിഷനിൽ 10 മുതൽ 15 വരെ കമ്മ്യൂണിറ്റി വോളന്റിയർമാർ ഉണ്ടാകേണ്ടതാണ്. മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ടൂൾകിറ്റിന്റെ സഹായത്തോടെയായിരിക്കും പരിശീലനങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം
ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് നവംബർ 6ന് അഭിമുഖം നടത്തും. ടൂൾ ആൻഡ് ഡൈ മേക്കർ – 1 (എസ്.റ്റി വിഭാഗം), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസസ് – 1 (ഈഴവ വിഭാഗം), സർവേയർ – 1 (ഓപ്പൺ കാറ്റഗറി), മെഷിനിസ്റ്റ് – 1 (മുസ്ലിം വിഭാഗം) ട്രേഡുകളിലാണ് നിയമനം. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
നോർക്ക റൂട്ട്‌സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ
വിദേശ തൊഴിൽ കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോർക്ക റൂട്ട്‌സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വർഷത്തെ പരിപാടികൾക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഗവൺമെന്റ് കോളേജ് ഓഫ് നഴ്‌സിംങിൽ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ഗവൺമെന്റ് കോളേജ് ഓഫ് നഴ്‌സിംങ് പ്രിൻസിപ്പൽ പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോർക്ക റൂട്ട്‌സ് അസിസ്റ്റന്റ് മാനേജർ (റിക്രൂട്ട്‌മെന്റ്) സാനു കുമാർ എസ് നന്ദിയും പറഞ്ഞു. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് പ്രോഗാമുകൾ ഭാഷാ പരിശീലന പരിപാടികൾ എന്നിവ സംബന്ധിച്ച് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ് വിശദീകരിച്ചു.
വിദേശരാജ്യത്തേയ്ക്ക് തൊഴിലിനോ പഠനത്തിനോ പോകുന്ന കേരളീയർക്ക് സുരക്ഷിത കുടിയേറ്റം, നിയമപരമായ പ്രക്രിയകൾ, തൊഴിലവകാശങ്ങൾ, വിദേശത്തെ തൊഴിൽ സാഹചര്യം, സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങൾ, എമിഗ്രേഷൻ, വിസ നടപടിക്രമങ്ങൾ, റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ ആധികാരികത, തൊഴിൽ കരാറുകളിൽ പരിശോധിക്കേണ്ട വിഷയങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ അവബോധം നൽകുന്ന നോർക്ക റൂട്ട്‌സിന്റെ പദ്ധതിയാണ് പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാം.
