
സ്വന്തം ലേഖകൻ
തിരുവനന്തപുരം:പ്രചാരണപ്രവർത്തനങ്ങളിൽ ചട്ടലംഘനമുണ്ടായാൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് തിരഞ്ഞെടുപ്പു കമ്മീഷണർ നിർദേശിച്ചു.
ഭിന്നതകളും തർക്കങ്ങളും ഉണ്ടാക്കുന്നതോ, പരസ്പരം വെറുപ്പ് സൃഷ്ടിക്കുന്നതോ, വിവിധ ജാതിക്കാർ, സമുദായങ്ങൾ, മതക്കാർ, ഭാഷാവിഭാഗങ്ങൾ എന്നിവർക്കിടയിൽ സംഘർഷം ഉണ്ടാക്കുന്നതോ ആയ ഒരു പ്രവർത്തനത്തിലും രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഏർപ്പെടാൻ പാടില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 3 വർഷം തടവോ, 10,000 രൂപ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നു കമ്മീഷണർ അറിയിച്ചു.
മറ്റ് രാഷ്ട്രീയ പാർട്ടികളെയും സ്ഥാനാർത്ഥികളെയും വിമർശിക്കുമ്പോൾ, അത് അവരുടെ നയങ്ങൾ, പരിപാടികൾ, പൂർവ്വകാലചരിത്രം,പ്രവർത്തനങ്ങൾ എന്നിവയിൽ ഒതുങ്ങി നിൽക്കണം. നേതാക്കളുടെയോ സ്ഥാനാർത്ഥികളുടെയോ പൊതുപ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ വിമർശിക്കാൻ പാടില്ല. അടിസ്ഥാനരഹിതമായതോ വളച്ചൊടിച്ചതോ ആയ ആരോപണങ്ങളുടെയോ വസ്തുതകളുടെയോ അടിസ്ഥാനത്തിൽ മറ്റ് കക്ഷികളെയും പ്രവർത്തകരെയും വിമർശിക്കരുത്.
