പ്രത്യേക ലേഖകൻ

തിരുവനന്തപുരം : ഒരു വ്യക്തിയുടെ രാഷ്ടീയാഭിപ്രായങ്ങളോടും പ്രവർത്തനങ്ങളോടും മറ്റു രാഷ്ട്രീയകക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര തന്നെ എതിർപ്പുണ്ടായാലും സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കുന്നതിനുള്ള അയാളുടെ അവകാശത്തെ മാനിക്കണമെന്നു തിരഞ്ഞെടുപ്പു കമ്മീഷണർ ഓർമ്മിപ്പിച്ചു. പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി വീടുകൾക്ക് മുമ്പിൽ പ്രകടനങ്ങൾ സംഘടിപ്പിക്കുക, പിക്കറ്റു ചെയ്യുക തുടങ്ങിയ രീതികൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

സ്ഥലം, കെട്ടിടം, മതിൽ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദം കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊടിമരം നാട്ടുന്നതിനോ ബാനറുകൾ കെട്ടുന്നതിനോ, പരസ്യം ഒട്ടിക്കുന്നതിനോ, മുദ്രാവാക്യങ്ങൾ എഴുതുന്നതിനോ ഉപയോഗിക്കരുത്.

സർക്കാർ ഓഫീസുകളിലും അവയുടെ കോമ്പൗണ്ടിലും പരിസരത്തും, മറ്റു പൊതു ഇടങ്ങളിലും ചുവർ എഴുതാനോ, പോസ്റ്റർ ഒട്ടിക്കാനോ, ബാനർ, കട്ടൗട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ല. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ളവ നീക്കം ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ നോട്ടീസ് ലഭിച്ചിട്ടും നീക്കം ചെയ്തില്ലെങ്കിൽ അവ നീക്കം ചെയ്യും. ഇതിന്റെ ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ചേർക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.

“ബന്ധപ്പെട്ട നിയമവ്യവസ്ഥകളും കോടതി ഉത്തരവുകളുംപാലിച്ചായിരിക്കണംപൊതുയോഗം, ജാഥ ഇവ സംഘടിപ്പിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കാൻ പാടില്ല.  പ്രചാരണത്തിന് ഉപയോഗിക്കുന്ന ഉച്ചഭാഷിണി, വാഹനം എന്നിവയ്ക്ക് ആവശ്യമായ അനുമതി ബന്ധപ്പെട്ട അധികാരികളിൽ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.”

Leave a Reply

error: Content is protected !!