ഗുരുരത്നം ജ്ഞാനതപസ്വി

മനുഷ്യൻ ജനിക്കുന്നത് ഒരു സമൂഹത്തിലാണ്.ആ സമൂഹത്തിന്റെ അടിസ്ഥാനം വിശ്വാസത്തിലും സൗഹൃദത്തിലും സഹകരണത്തിലുമാണ്.ലോകംമുന്നോട്ടുപോകുവാൻ ശാസ്ത്രം,സാങ്കേതികവിദ്യ, രാഷ്ട്രമീമാംസ ഇവയെല്ലാം അത്യന്താപേ ക്ഷിതങ്ങളാണ്. എന്നാൽ അതെല്ലാംതന്നെ കാലഘട്ടത്തിനനുസരിച്ചു നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ,മനുഷ്യന്റെ അന്തരാത്മാവിൽ നിന്ന് ഒരിക്കലും നശിക്കാത്ത മൂന്നു മൂല്യങ്ങളാണ് വിശ്വാസം, സൗഹൃദം, സഹകരണം എന്നിവ. ഇവ മൂന്നും ഇല്ലാതെ ഒരു മനുഷ്യന് ലോകത്തു ജീവിക്കുവാൻ സാധിക്കില്ല.ഇവയില്ലാതെ ജീവിക്കുന്ന ഒരു മനുഷ്യൻ സ്വയം ഒരു യന്ത്രമായി അധഃപതിക്കുകയാണ് ചെയ്യുന്നത്.
വിശ്വാസം എന്നത് കേവലം ഒരു വാക്കല്ല.അതു മനുഷ്യന്റെ ഉള്ളിലെ ശക്തിയാണ്.മനുഷ്യൻ ഈ ഭൂമുഖത്തു പിറവിയെടുക്കുന്ന സമയത്തുതന്നെ വിശ്വാസം അവനെ അനുഗമിക്കുന്നു. ഒരു കുഞ്ഞ് അവന്റെ അമ്മയുടെ നേർക്കു കൈ നീട്ടുന്നത് വിശ്വാസത്തിന്റെ ഒരു പ്രതീകമാണ്.അതാണ് ആത്മീയതയുടെ പൊക്കിൾക്കൊടി ബന്ധം. പുരാതനകാലത്ത് മനുഷ്യൻ പ്രകൃതിശക്തികളെ ആരാധിച്ചത് ആ ശക്തികളിലുള്ള വിശ്വാസം കൊണ്ടാണ്. അതിനുശേഷമാണ് വിശ്വാസം മതങ്ങളും ആരാധനാരീതികളും ദർശനങ്ങളുമായി മാറുന്നത്. വിശ്വാസം മതത്തിന്റെ അതിരുകൾക്കപ്പുറമാണ്.ഒരു കർഷകൻ വിത്തുവിതയ്ക്കുന്ന സമയത്ത് നല്ല ഫലം കിട്ടുമെന്നുള്ള വിശ്വാസമാണ് അവനെ നയിക്കുന്നത്.ഒരു ഡോക്ടർക്ക് തന്റെ രോഗി രക്ഷപ്പെടും എന്ന വിശ്വാസമാണ്.ഒരു കുട്ടിക്ക് പഠിച്ചു ഭാവിയിൽ ഉയർന്നനിലയിൽ എത്തുമെന്നുള്ള വിശ്വാസമാണ്. ഇവയെല്ലാം വിശ്വാസത്തിന്റെ പല തരത്തിലുള്ള രൂപങ്ങളാണ്. വിശ്വാസം ഇല്ലാത്ത ഒരു മനുഷ്യൻ വഴിയറിയാത്ത ഒരു യാത്രക്കാരനെപ്പോലെയാണ്. എന്നാൽ, വിശ്വാസം എന്നത് അതിരുകടന്നാൽ അന്ധവിശ്വാസമായി മാറും. ഈ അന്ധ വിശ്വാസം മനുഷ്യബുദ്ധിയെ അടിമപ്പെടുത്തുന്ന ഒരു പ്രവണതയാണ്. നമ്മുടെ ഓരോരുത്തരുടെയും ആന്തരികമായ സംഘർഷങ്ങളിലേക്കു വെള്ളമൊഴിക്കുവാൻ പര്യാപ്‌തമാകുന്നതാക ണം വിശ്വാസം. അത് ഒരു വ്യക്തിയുടെ സ്വത്വമാണ്.താൻ വിശ്വസിക്കുന്ന മതം,പ്രത്യയശാസ്ത്രം ഇവ തന്നെ രക്ഷിക്കുമെന്നുള്ള വിശ്വാസം. ദുഃഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുകൾ കൊണ്ടും ജീവിതത്തിലെ പരാജയങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്ന മനുഷ്യർക്ക് പ്രത്യാശയുടെ കച്ചിത്തുരുമ്പാണ് വിശ്വാസം. ദൈവത്തെ പ്രാർത്ഥിക്കുക എന്നത് ആ വിശ്വാസത്തെ ഉറപ്പിക്കലാണ്.’നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നു ബൈബിളിൽ പറയുവാൻ കാരണമാണ്. ആത്മീയതയെക്കുറിച്ചു വലിയ ചർച്ചകൾ ഇക്കാലത്തു പലയിടങ്ങളിലും നടക്കുന്നുണ്ട്.എന്നാൽ യാഥാർഥ ആത്മീയത എന്താണെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ? ആത്മീയതയാണ് മതത്തിന്റെ കാതൽ.അതിന്റെ പുറന്തോടാണ് യഥാർഥത്തിൽ മതം.എല്ലായിടത്തും ചർച്ചകൾ നടക്കുന്നത് മതങ്ങളുടെ അന്ത:സംഘർഷങ്ങളെ കുറിച്ചു മാത്രം. മനുഷ്യന് സമൂഹത്തിൽ ജീവിക്കുവാനുള്ള നന്മകൾ ചെയ്യേണ്ട മതം മനുഷ്യനെ പരസ്പരം പോരടിക്കുവാനുള്ള കൊമ്പല്ലുകൾ സമൂഹത്തിലേക്ക് നീട്ടിവെയ്ക്കുമ്പോൾ മതം അപകടകാരിയായി മാറുന്നു…
