ജി.ഹരി നീലഗിരി തൈക്കാട് ; ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാംസ്കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൈക്കാട്ടെ ഭാരത് ഭവനിൽ തീക്കാറ്റ് വീശി!അമ്പത്തിനാലാം വയസ്സിൽ കനൽക്കട്ടയായൊടുങ്ങിയ ഒരു അനശ്വരബഹുമുഖ പ്രതിഭയെ സാംസ്കാരിക പ്രവർത്തകർ ഓർത്തപ്പോഴാണ് ശെമ്മാങ്കുടിയുടെയും പിന്നീട് യേശുദാസിന്റെയും കാൽനഖേന്ദു മരീചികൾ പതിഞ്ഞ സാംസ്കാരിക സമുച്ചയം ആ ഓർമ്മയിൽ ഉരുകി ഉണർന്നത്… ഒരുനൂറ്റാണ്ടിനപ്പുറം കലയിലും സംസ്കാരത്തിലും വീശിയടിച്ച ആ തീക്കാറ്റിന് പേര് പി.ജെ ആന്റ്റണി! ചോരതുടിക്കും ചെറുകയ്യുകളെയും പന്തങ്ങൾ പേറാൻ ഇന്നും പ്രചോദിപ്പിക്കുന്ന വിപ്ലവതേജസ്സ് ! പി.ജെയെ നേരിൽപ്പോലും കണ്ടിട്ടില്ലെങ്കിലും ആ അഗ്നിജ്വാലയെ ഓർമ്മകളിലേക്ക് പ്രത്യാനയിക്കാൻ സർവ്വഥാ യോഗ്യരായ കുറേപ്പേരാണ് കേന്ദ്രസാംസ്കാരിക വകുപ്പിന്റെയും നാട്യഗൃഹത്തിന്റെയും ക്ഷണംസ്വീകരിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശെമ്മാങ്കുടി സ്മാരകത്തിൽ സമ്മേളിച്ചത്… ഹരി ചങ്ങമ്പുഴ, വിജയകൃഷ്ണൻ, പി.വി. എസ്.പിള്ള, പി.സോമൻ,പദ്മനാഭൻ കാവുമ്പാട്,പ്രൊഫ. അലിയാർ,ജേക്കബ് മാത്യു, ഷാജി പുത്തൂർ, ശ്രുതി ദേവയാനി,പ്രമോദ് പയ്യന്നൂർ, സാബു കോട്ടുകാൽ…. ധന്യസദസ്സിനോട് പി.ജെ ആന്റണിയുടെ ജീവിതവും കലയും ദർശനവും അവർ പങ്കുവെച്ചു. പച്ചാളത്തെ ബേക്കറിക്കാരന്റെ മകനായി വെച്ചുണ്ണാൻ വെള്ളിത്തളികയോ വാഴയിലപോലുമോഇല്ലാതെ,കീറപ്പായയിൽ പിറന്നുവീണ ആ ക്ഷുഭിതജീവിതത്തിന്റെ പശ്ചാത്ദർശനം നടത്തി , ചങ്ങമ്പുഴയുടെ ചെറുമകൻ ഹരി ചങ്ങമ്പുഴ ; ‘ ഡോർമ ജോസഫിന്റെ മകൻ ബേക്കറിക്കാരനായില്ല.അൾത്താരാ ബാലനായും ആലുവാ അദ്വൈതാശ്രമത്തിലെ സംകൃത പഠിതാവായും വളർന്നു.പള്ളിയെ പിന്നീട് തള്ളിപ്പറഞ്ഞു.അദ്വൈതാശ്രമത്തെ നെഞ്ചോട് ചേർത്തു.അനന്തരം, ഇടതുപക്ഷ ഹൃദയം സ്പന്ദിച്ചുതുടങ്ങിയ സാംസ്കാരിക നഭസ്സിൽ ഒരഗ്നിപുഷ്പമായ് വിടർന്നു! ‘ ‘ ….മതനിരപേക്ഷതയ്ക്കായി പി.ജെ യെപ്പോലുള്ളവർ പൊരുതിയെങ്കിലും മതസമൂഹമായി അധ:പതിച്ചത് കേരളീയ സമൂഹത്തിന്റെ ദുര്യോഗം.’ ‘…ഇടപ്പള്ളിയിലെത്തി ചങ്ങമ്പുഴയമായി അടുപ്പമായത് പി.ജെയുടെ ജീവിതത്തെ മാറ്റിമറിച്ചു. ചങ്ങമ്പുഴ പി.ജെയ്ക്കു ഗുരുതുല്യനായിരുന്നു. കൂലിപ്പട്ടാളക്കാരനായി ചേർന്നു കലാപാനന്തരം പിരിച്ചുവിടപ്പെട്ടു നാട്ടിലെത്തിയപ്പോഴാണ് ചെങ്ങമ്പുഴയെ കാണുന്നത്. ചങ്ങമ്പുഴയുടെ ദളിത് ആഭിമുഖ്യം പി.ജെയെ ഏറെ സ്വാധീനിച്ചു… പള്ളി വിലക്കുകൽപ്പിച്ചതിനാൽ വീട്ടിൽ നിന്നും ഔട്ട് ആയ കഥാനായകൻ ഇടപ്പള്ളിയിലെ ഒരു വർക്ക്ഷോപ്പിൽ ഉണ്ടായിരുന്ന പൊളിഞ്ഞ കാറിലിരുന്നാണ് തന്റെ ആദ്യകാലനാടകങ്ങൾ രചിച്ചത്.ചങ്ങമ്പുഴയുടെ സാമൂഹികദർശനം പി.ജെയെ ഏറെ സ്വാധീനിച്ചതായി കാണാം.അദ്ദേഹത്തിന്റെ സോക്രട്ടീസ് ഒഴികെയുള്ള എല്ലാ നാടകങ്ങളും മുതലാളിത്തത്തിനെതിരായ പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്….’




