സമുദ്രം ശാന്തമായിരുന്നു. അന്തരീക്ഷം സുന്ദരവും. കടൽച്ചൊരുക്കിൻ്റെ പ്രയാസങ്ങളൊന്നും ലിൻഡയെ അലട്ടിയില്ല.വൈകുന്നേരങ്ങളിൽ അവൾ കപ്പലിൻ്റെ ക്വാർട്ടർഡെക്കിൽനിന്നും ജലത്തിൻ്റെ നീലവിസ്തൃതിയിലേക്ക് കണ്ണയച്ച് നിൽക്കും. അതിൻ്റെ ആഴങ്ങളിലേക്ക് നോക്കി ആകാശത്തേയ്ക്ക് സഞ്ചരിക്കും. മഞ്ഞുപോലെ ധവളമായ തിരയുടെ പാൽവരകൾ കപ്പലിൻ്റെ അണിയം മുറിച്ച് കടക്കുമ്പോൾ വെള്ളച്ചിറകുള്ള വമ്പൻ സ്രാവുകൾ എതിരെ നീന്തിക്കടന്നു പോയി. ഒരേ നിറവും വലിപ്പവുമുള്ള അസംഖ്യം മത്സ്യങ്ങളാണ് കപ്പലിനു പിന്നാലെ മത്സരിച്ചു നീന്തുക .കപ്പൽത്തട്ടിൻ്റെ ഏറ്റവും പിന്നിൽ ലിൻഡ ആ മത്സരയോട്ടം നോക്കി നില്ക്കും. കുറെ ദിവസങ്ങൾ അവ കപ്പലിൻ്റെ പിന്നാലെ വരും.പിന്നെയൊരു ദിവസം അപ്രത്യക്ഷമാകും.

കപ്പൽയാത്രയിലെ കൗതുകങ്ങൾ സാവധാനം തീർന്നു.ലിൻഡയ്ക്ക് മുഷിപ്പനഭവപ്പെടാൻ തുടങ്ങി.ഒരു മാറ്റവുമില്ലതെ ദിവസങ്ങൾ ഒഴുകി നീങ്ങിക്കൊണ്ടിരുന്നു. ആഴ്ചകൾക്കുശേഷം കപ്പൽ പ്രക്ഷുബ്ധമായ ഒരു ജലപരപ്പിലെത്തി.അവിടെ കടൽ ഇളകി മറിയുന്നതും തിരകൾ കലഹിക്കുന്നതുമായിരുന്നു. കപ്പൽ ശക്തമായി ഉലഞ്ഞ് തിരത്തുമ്പുകൾക്കു മുകളിൽ ഊഞ്ഞാലാടുവാൻ തുടങ്ങി.ആ ജലയാനം ആഴിയുടെ അടിത്തട്ടിലേക്ക് മൂക്കുകത്തി വീഴുകയാണെന്നു് ലിൻഡയ്ക്ക് തോന്നി.അവൾ കണ്ണടയ്ക്കുകയും പേടിച്ചു കരയുകയും ചെയ്തു. ഫണമുയർത്തിയ സർപ്പത്തെപ്പോലെയായിരുന്നു തിരകൾ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരുന്നത്. ഭീതിജനകമായ കാഴ്ചകളിൽ നിന്നും മുഖം തിരിച്ച് അവൾ ഗിമ്പ്റിയുടെ മടിയിൽ തളർന്നു കിടന്നു.

ശക്തമായ തിരത്തള്ളലിൽ കപ്പൽ ആടിയുലഞ്ഞപ്പോൾ ലിൻഡയുടെ വയറിനുള്ളിലും തിരയിളക്കമുണ്ടാവുകയും അത് പെരുത്ത് കയറുകയും ചെയ്തു.കുടുൽമാല പുറത്തേയ്ക്ക് തെറിച്ചു പോകുന്നുതുപോലെ അവൾ ഛർദ്ദിച്ചു. അവളുടെ ദേഹം മുഴുവൻ ശർദ്ദിൽ വീണു നനഞ്ഞു. അവൾക്കു പനിക്കുന്നുണ്ടായിരുന്നു. വസ്ത്രങ്ങളിൽ അഴുക്കായതോടെ ഗിമ്പ് റി അത് അഴിച്ചുമാറ്റി.നനഞ്ഞ തുണികൊണ്ട് ശരിരം തുടച്ചു വൃത്തിയാക്കി. സ്വന്തം നഗ്നതയുടെ രോമാവൃതമായ ഒളിയിടങ്ങൾ അയാൾക്കുമുന്നിൽ അനാവൃതമാകുന്നതിൽ അവൾക്കു ലജ്ജ തോന്നുന്നുണ്ടായിരുന്നില്ല.

പകരം സന്തോഷമാണ് അനുഭവപ്പെട്ടത്.
വേദനകളുടെയും സങ്കടങ്ങളുടെയും അടിയിൽ അതിഗുപ്തമായ ആനന്ദത്തിൻ്റെ ഒരു ചീള് എപ്പോഴും ബാക്കിനിൽക്കും.പ്രതിസന്ധികളെ മറികടക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന ജീവൻ്റെ പൊരുളാണത്.

‘പക്ഷിക്കൂടുകളുടെ മ്യൂസിയം’ : നോവൽ – സി.വി ജോയി

(ഒരു തൃശൂർ കറൻ്റ് ബുക്സ് പ്രസിദ്ധികരണം.)

error: Content is protected !!