
ജി.ഹരി നീലഗിരി
തിരുവനന്തപുരം:ഇക്കുറി വയലാർ അവാർഡ് ഈ.സന്തോഷ് കുമാറിന് ലഭിക്കുമ്പോൾ കവിതാ-കഥാതൽപ്പരരായ ലോകമലയാളി ഒന്നായി ആനന്ദിക്കുന്നു.തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട കവിയുടെ അൻപതാം ചരമവാർഷികത്തിൽ കൃതഹസ്തനായ ഒരു കാഥികനുതന്നെ അതു ലഭിച്ചതിന്.കവിയുടെ അൻപതാം ചരമവാർഷികവും വയലാർ അവാർഡിന്റെ അൻപതാം പിറന്നാളും ഒന്നിക്കുന്ന ആ സുവർണ്ണ മുഹൂർത്തിന് സാക്ഷ്യം വഹിക്കാൻ വയലാർ അവാർഡ് നാളിതുവരെ സ്വീകരിച്ചവരിൽ മണ്മറഞ്ഞവരല്ലാത്ത എല്ലാപേരും ഒന്നിച്ചു.
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി വേദിയിൽ, ഇന്നലെ, പുളഗോദ്മകകാരിയായ ആ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നിറഞ്ഞ സഹൃദയ സാന്നിധ്യം.
മഴപെയ്തുതോർന്ന സായാഹ്നത്തിൽ, നിശാഗന്ധീ ആഡിറ്റോറിയത്തിൽ ഈ. സന്തോഷ് കുമാർ എന്ന ഇക്കാലത്തെ അതുല്യ കാഥികപ്രതിഭ നാൽപ്പത്തിയൊന്പതാം വയലാർ അവാർഡ് ഏറ്റുവാങ്ങി.
ചടങ്ങിന് സ്വാഗതമോതീ,അന്തരിച്ച വയലാർ അവാർഡ് കമ്മിറ്റി അധ്യക്ഷൻ ത്രിവിക്രമന്റെ കാൽനഖേന്ദുമരീചികൾ പിൻപറ്റുന്ന ഇപ്പോഴത്തെ ഭാരവാഹി അഡ്വ.പി.സതീശൻ.
അന്തരിച്ച വയലാർ അവാർഡ് കമ്മിറ്റി മുൻ അധ്യക്ഷൻ എം.കെ സാനുവിനെ അനുസ്മരിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.കവി പ്രഭാവർമ്മ അധ്യക്ഷപ്രസംഗം നടത്തി.
സാനുമാഷിന്റെ രേഖാചിത്രം വരച്ചുകാട്ടിയായിരുന്നു പ്രഭാവർമ്മ തന്റെ പ്രസംഗം ആരംഭിച്ചത്.സാനുമാഷിന്റെ ഓർമ്മയ്ക്കുമുന്നിൽ സദസ്സ് ഒരു നിമിഷം മൗനം പൂണ്ടു.
ഓർത്തെടുക്കേണ്ടവർ,ജനജീവിതത്തിന്റെ ഭാഗമായി അലിഞ്ഞുചേർന്നവർ എന്നിങ്ങനെ രണ്ടുതരം പ്രതിഭകൾ ഉണ്ടെന്നു പ്രഭാവർമ്മ പറഞ്ഞു.ചൈതന്യ ദീപ്തമായ ഒരു മഹാസ്‌മരണയാണ് പ്രൊഫ. എം.കെ സാനു. മഹാകവി വയലാർ ആകട്ടെ ജനഹൃദയങ്ങളിൽതന്നെ അലിഞ്ഞുചേർന്ന ഒരു മഹാസ്‌മരണയും.ഒരു ഗന്ധർവ്വനായി മലയാളിസമൂഹത്തിൽ പിറന്നുവീണ അതുല്യ പ്രതിഭയാണ് വയലാർ.നാൽപ്പത്തിയാറു വർഷത്തിനിടയിൽ അനുഭൂതിജന്യമായ ഒരു മഹാകാവ്യപ്രപഞ്ചം മലയാളിക്ക് നൽകിയ അവധൂതൻ.ഏതൊരു എഴുത്തുകാരനും മോഹിച്ചുപോകുന്ന ഒരു സ്വർണ്ണനിധിയാണ് വയലാർ അവാർഡ്. വയലാർ അന്തരിക്കുമ്പോൾ ജനിച്ചിട്ടില്ലാത്തവരും അവരുടെ മക്കളുംപോലും ഇന്ന് വയലാറിനെ നെഞ്ചിലേറ്റുന്നു.ലോകസാഹിത്യത്തിൽ ഇത്തരം പ്രതിഭകൾ കുറവാണെന്നുവേണം പറയുവാൻ.ഒരു പതിറ്റാണ്ടിനെ അതിജീവിക്കുന്ന എഴുത്തുകാർ പോലും ഇല്ലാത്ത ഇക്കാലത്ത് വയലാർ നക്ഷത്രദീപ്തിയോടെ കാവ്യവിഹായസ്സിൽ ജ്വലിച്ചുനിൽക്കുന്നു.സക്രിയമായ മരണാനന്തര ജീവിതമാണ് കവിയുടേത്.വിപ്ലവം,പ്രണയം,ഭക്തി,ദേശീയത,വിരഹം,ദുഃഖം, എന്നിങ്ങനെ സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെയും കവി കൈകാര്യം ചെയ്തു.കവിതയും ഗാനങ്ങളും തമ്മിലുള്ള അതിർവരമ്പുകളെ തന്റെ പൊൻതൂലികകൊണ്ടു വയലാർ മായ്ച്ചുകളഞ്ഞു.
ഗാനശാഖ കവിതയ്ക്കു ഒട്ടും പിന്നിലല്ലെന്നു തന്റെ സുവർണ്ണ വാങ്മയത്താൽ വയലാർ തെളിയിച്ചു.
വയലാറിന്റെ ചെറുമകൾ രേവതീവർമ്മയും സംഘവും അവതരിപ്പിച്ച കവിയുടെ ‘വൃക്ഷം’ എന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം ശ്രദ്ധേയയമായി.തുടർന്ന്,പന്തളം സുധാകരൻ,ശ്രീകാന്ത്,കല്ലറ ഗോപൻ എന്നിവർ നയിച്ച വയലാർ ഗാനാർചന നടന്നു.



നമസ്ക്കാരം