
ജി.ഹരി നീലഗിരി.
ഒന്ന്:
ഊട്ടിഗുരു കുലത്തിലെ
ആദ്യ രാത്രി
ഊട്ടി ഗുരുകുലത്തിലെ എൻ്റെ ആദ്യരാത്രി ഇരുപത്തഞ്ചു വയസുള്ള ഒരു യുവാവുമൊത്തായിരുന്നു…! കാലം ആശ്രമങ്ങൾക്ക് അത്ര അനുകൂലമല്ലാത്തതിനാൽ ഇതു വായിച്ച് ആരും തെറ്റിധരിക്കേണ്ടതില്ല..! യുവാവ് പിന്നീട് എനിക്കു ഗുരുകുലാത്മജനായി മാറിയ ബ്രഹ്മചാരി ശ്രീകുമാറായിരുന്നു…
മുപ്പത്തഞ്ചു വർഷം മുൻപ് ആത്മാവ് നിറയേ മുറിപ്പാടുകളുമായി ഞാൻ ഗുരു നിത്യചൈതന്യ യതിയുടെ പാദാന്തികത്തിൽ അണയുമ്പോൾ കാലുകൾ നിലത്തുറയ്ക്കുന്നില്ലായിരുന്നു…
വ്യർഥമാസത്തിലെ ആ കഷ്ടരാത്രിയിൽ എനിക്ക് അനുചരനായത് കവി സുബ്രഹ്മണ്യ ദാസായിരുന്നു.എനിയ്ക്കു ആ രാത്രി വ്യക്തമായി ഓർത്തെടുക്കാനാകുന്നില്ലെങ്കിലും സുബ്രുവിന് എല്ലാം നല്ല ഓർമ്മയുണ്ട്.ഊട്ടിയിലെ ആദ്യരാത്രി ഗുരുകുലത്തിൽ തന്നെയായിരുന്നോ എന്ന കാര്യത്തിൽ ഞങ്ങൾ തമ്മിൽ ഇന്നും തർക്കം തുടരുന്നു…ഗുരുകുലം നിൽക്കുന്ന മഞ്ചനക്കുരയിൽ ഒരു രാത്രി തങ്ങിയ ശേഷം പിറ്റേന്നാളായിരുന്നു ഗുരുകുലത്തിൽ എത്തിയതെന്ന കഥയിൽ സുബ്രു ഇന്നും പിടിച്ചു നിൽക്കുന്നു.എന്നാൽ ഊട്ടിയിൽ ബസ്സിറങ്ങി നേരേ ഗുരുകുലത്തിലേക്കു പോയെന്നാണ് ഞാൻ ഓർക്കുന്നത്…!
നീലഗിരിയിലെ ആദ്യരാത്രി
(സുബ്രൂ ഭാഷ്യം)
സുബ്രു ഓർത്തെടുക്കുന്നു :
‘എനിക്കിന്ന് ഓർക്കാൻ ഇതൊക്കെയേ ഉള്ളെടേ… നീയന്ന് ഭയങ്കര വയലന്റ്റ്
കേസെടേ… തിരുവനന്തപുരത്ത് വീടിന്റെ drawing room അടിച്ചുപൊട്ടിക്കാൻ തുനിഞ്ഞ നിന്നെ ഞാനാണ് തടുത്തത്. സ്‌മോളിന് അച്ഛൻ കാശുതരാത്തതാണ് നിന്നെ പ്രകോപിപ്പിച്ചത്…!’
….കെ .ബാലകൃഷ്ണന്റെ അനുജത്തി ഐഷ രാജൻ എന്ന ഐഷ ആന്റിയാണ് എന്നെ ഗുരുകുലത്തിൽ വിടണമെന്ന ആശയം മുന്നോട്ടു വെച്ചത്….
ഐഷ ആന്റിയെക്കുറിച്ചു തെല്ലു പറയാതെ ഇവിടെ മുന്നിട്ടുപോകാനാകില്ല,ഒപ്പം കലയും മദ്യവും രാഷ്ട്രീയവും ഇഴചേർന്ന മയ്യനാട്ടെ ഈഴവ ബെൽറ്റിനെക്കുറിച്ചും.
ഉന്മാദിനിയായിരുന്നു ഐഷ ആന്റ്റി,എന്നെപ്പോലെ!നന്നായി പാടുമായിരുന്നു,അച്ഛൻ സി. കേശവനെ പ്പോലെ…ജീവിതത്തിലെ ദുർവ്വാരഹമായ ഒരു ഘട്ടത്തിൽ ആ പോറ്റമ്മ എനിക്ക് സാന്ത്വനവും സമാശ്വാസവുമായി…
കെ.ബാലകൃഷ്ണന്റെ കൗമുദി ആഴ്ച്ചപ്പതിപ്പ് അച്ചടിച്ചിരുന്ന ഇന്ദിരാപ്രസ്സ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിലായിരുന്നു അന്ന് ഐഷ ആന്റി താമസിച്ചിരുന്നത്.മകൻ ഹാഷീം രാജൻ ഉൾപ്പെടെയുള്ള ഒരു ഒരു കാമ്പസ് മദ്യസദസ്സിൽ ആശംസയർപ്പിക്കാനെത്തിയ ഐഷ ആന്റി black out ലേക്കു നീങ്ങിക്കൊണ്ടിരുന്ന എന്നെ നോക്കി ഒരു പ്രഖ്യാപനം നടത്തി : ‘ ബാലാണ്ണൻ ഉണ്ടായിരുന്നെങ്കിൽ ഇവനെ കൌമുദിയിൽ എടുക്കാമായിരുന്നു…ഇനി ഇവനു രക്ഷപ്പെടാൻ ഒരു മാർഗ്ഗമേയുള്ളൂ,നമുക്കിവനെ ഗുരുവിന്റെ അടുത്തു വിടാo.’
ആദ്യ സമാഗമം
സഹോദരി ഡോ.സുമംഗലയുടെ പാങ്ങപ്പാറയിലെവീട്ടിൽ അന്നു ഗുരുവുണ്ടായിരുന്നു. ഐഷ ആന്റ്റി നിർദ്ദേശിച്ചതനുസരിച്ച്
ഗുരുവിനെ പാങ്ങപ്പാറയിലെ വീട്ടിൽപോയിക്കാണാൻ ഞാൻ തീരുമാനിച്ചു. അക്കാലത്ത് കലാകൗമുദിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചുവന്നിരുന്ന ഗുരുവിന്റ്റെ ‘യാത്ര’യിലൂടെ അദ്ദേഹം എനിക്ക് സുപരിചി തനായിരുന്നു. കലാകൗമുദിയിലും മറ്റും
പ്രസിദ്ധീകരിക്കപ്പെട്ട എന്റെ ചില രചനകളും ഞാൻ കയ്യിൽ കരുതിയിരുന്നു.
…തെല്ലും അപരിചിതത്വമില്ലാതെ ഞാൻ ആ മഹാഗുരുവുമായി സംസാരിച്ചു തുടങ്ങി.എന്നെക്കുറിച്ച് അദ്ദേഹം എല്ലാം മനസ്‌സിലാക്കി വെച്ചിരിക്കുന്നു.
സംഭാഷണത്തിന്റെ അവസാന ഘട്ടത്തിൽ അദ്ദേഹം എന്നോട് ചോദിച്ചു , ‘ എന്താ ഹരീ, ഊട്ടിക്കു പോരുന്നോ?’
ഈ ചോദ്യത്തിനുള്ള മറുപടി ഞാൻ നേരത്തേ തയ്യാറാക്കിയിരുന്നതിനാൽ തെല്ലും സംശയമില്ലാതെ ഞാൻ ഉത്തരം നൽകി;’പോരുന്നു..’
അങ്ങിനെ തിരുവനന്തപുരത്തെ ദുരന്തപൂർണ്ണമായ ആരാജക ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ ഗുരു ഒരു കയർ ഇട്ടുതന്നു.ഒന്നു രണ്ടു ദിവസത്തിനകം ഗുരു തിരികെപ്പോയി…
…അച്ഛനമ്മമാർ,അത്മമിത്രങ്ങൾ ഇവരെല്ലാം ഞാൻ തുരുവനന്തപുരത്തു നിന്നു കുറേകാലം വിട്ടുനിൽക്കണമെന്നു അതിയായി ആഗ്രഹിച്ചവരായിരുന്നു.ആത്മമിത്രമായിരുന്ന ഇന്നത്തെ ഡോ.പി.കെ രാജശേഖരൻ ഉഭയമിത്രമായിരുന്ന നൂറനാട്ടെ കഥാകൃത്ത് ജി.അശോക് കുമാർ കർത്തായ്ക്ക് ഇതുസം ബന്ധിച്ചു ഒരു
കത്തുപോലും എഴുതി.
യാത്രാമൊഴി
ആത്മസോദരനായിരുന്ന അയ്യപ്പാണ്ണനോട് (എ.അയ്യപ്പൻ)യാത്ര പറയുകയായിരുന്നു ആദ്യം ചെയ്തത്. നേമത്തെ അയ്യപ്പാണ്ണന്റെ വീട്ടിനടുത്തുള്ള വയലേലയിലായിരുന്നു യാത്രയയപ്പ് ചടങ്ങ്.അണ്ണന്റെ അളിയൻ കൃഷ്ണൻമേസ്തിരിയുടെ(സ്വർണ്ണപണിക്കാരൻ) അധ്യക്ഷതയിൽ നാടൻ ചാരായവും കിളുന്നു
വെള്ളരിക്കയുമായിരുന്നു വിഭവങ്ങൾ.
…അയ്യപ്പനോടും കവി അൻവർ അലി, ഹാഷിം രാജൻ,വചനം അജിത്ത്,തുടങ്ങിയ മിത്രങ്ങളോടും പാളയത്തേയും മറ്റും തൊഴിലാളി സുഹൃത്തുക്കൾ,ബാർ-ഷാപ്പ് ജോലിക്കാർ ഇവരോടും വ്യത്യസ്ത യാത്രയയപ്പ് സൽക്കാരങ്ങൾ വഴി വിടചൊല്ലിയ ഞാൻ സുബ്രുവുമൊത്ത് ഒന്നുരണ്ടു ദിവസത്തിനകം ഊട്ടിക്കു ട്രെയിൻ കയറി.
….പുലർച്ചെ മലബാർ എസ്പ്രെസ് കോയമ്പത്തൂർ എത്തി.
റെയിവേസ്റ്റേഷനിൽ നിന്ന് റോഡിലേക്ക് ഇറങ്ങവെ ഞാൻ ഓർത്തു ,’ അപ്പോൾ ഇനി കുറേനാളത്തേക്ക് സ്മോളടിയില്ല.രാവിലെ രണ്ടടിച്ചിട്ടുതന്നെ കാര്യം!’
( തുടരും)