തദ്ദേശതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് അവധികൾ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം : ഡിസംബർ 9, 11 തീയതികളിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാർ പൊതുഅവധികൾ പ്രഖ്യാപിച്ചു. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ പൊതു അവധിയായിരിക്കും. ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അവധിയായിരിക്കും. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും അവധിയായിരിക്കും. സ്വകാര്യമേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങൾ ശമ്പളത്തോടെയുള്ള അവധിയുണ്ട്
വോട്ടെടുപ്പ് നടക്കുന്ന ജില്ലയിലെ വോട്ടർമാരായ, എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിക്കും. കാഷ്വൽ ലീവ്, കമ്യൂട്ടഡ് ലീവ്, അർജിതാവധി എന്നിവ ഒഴികെ സ്പാർക്കിൽ ലഭ്യമായ മറ്റേതെങ്കിലുംതരം പ്രത്യേകഅവധി (Other Duty/Special Leave) തെരഞ്ഞെടുക്കാം. വോട്ടർ പട്ടികയിലെ പേരിന്റെ തെളിവ് ഹാജരാക്കണം.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ശമ്പളം കുറയ്ക്കാതെ പൂർണഅവധി നൽകണമെന്ന് കേരള പഞ്ചായത്ത് രാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ അനുശാസിക്കുന്നു. ഐടി കമ്പനികൾ, ഫാക്ടറികൾ, കടകൾ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇത് കർശനമായി നടപ്പാക്കാൻ ലേബർ കമ്മിഷണർക്ക് സർക്കാർ നിർദേശം നൽകി.
വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടർമാരായ, എന്നാൽ താമസ-ജോലിസ്ഥലം വേറെ ജില്ലയിലായിരിക്കുന്ന ദിനക്കൂലി/കാഷ്വൽ തൊഴിലാളികളും ശമ്പളത്തോടെയുള്ള അവധിക്ക് അർഹരാണ്.
