രജികുമാർ പുലക്കാട്.

ആധുനിക സാഹിത്യത്തിന്റെ ഹാങ്ങോവറിൽ നിന്ന് മുക്തമാവാതെ മലയാളവിമർശനം സ്ഥിരം സാങ്കേതിക ജാർഗണുകളുടെ വിരസ മരുഭൂമികളിൽ സഞ്ചരിക്കുന്ന ഇക്കാലത്ത് ശ്രീ എം. കെ. ഹരികുമാർ സാറിനെ പോലുള്ളവരുടെ എഴുത്ത് ഒരാശ്വാസമാണ്. കെ. പി. അപ്പനു ശേഷം മലയാളവിമർശനത്തെ സർഗാത്മക വായനയാക്കി മാറ്റിയത് ഇദ്ദേഹമാണ്. ലോകസാഹിത്യത്തിന്റെ നവസ്പന്ദനങ്ങൾക്കൊപ്പം മലയാള വിമർശനഭൂമികയെ അദ്ദേഹം കൈപിടിച്ചു നടത്തുന്നു. മലയാളത്തിന് ഉത്തര _ഉത്തരാധുനികതയും ഡിജി മോഡേണിസവും പരിചയപ്പെടുത്തിയതിലും നവസാങ്കേതിക വിദ്യകൾ ജീവിതത്തെപ്പോലെ എഴുത്തിലും പുതിയ ഭൂഖണ്ഡങ്ങൾ സൃഷ്ടിക്കുന്നത് അറിയിച്ചതും അദ്ദേഹത്തിന്റെ എഴുത്തുകളിലൂടെയാണ് വായനക്കാർ പരിചയപ്പെടുന്നത്. ‘സഹോദരൻ ‘ മാസികയിൽ എഴുതിക്കൊണ്ടിരിക്കുന്ന “എന്താണ് സാഹിത്യം, കല?” എന്ന ലേഖന പരമ്പര പുതിയ കാലത്തിന്റെ സാഹിത്യവും കലയും എങ്ങനെയായിരിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന നവസാങ്കേതികത എങ്ങനെയൊക്കെ സാഹിത്യത്തെ മാറ്റിമറിക്കുന്നു എന്നും പുതിയൊരു ഉൾക്കാഴ്ചയോടെ രേഖപ്പെടുത്തുന്നു. സാഹിത്യത്തെ ഗൗരവമായി ചിന്തിക്കുന്നവരെല്ലാം ശ്രദ്ധിച്ച് വായിച്ച് സൂക്ഷിച്ചു വയ്ക്കേണ്ട ലേഖനങ്ങളാണ് ഇവ. നവസാങ്കേതികതയെ നിർവചിക്കുമ്പോഴും പാരമ്പര്യത്തിന്റെ അനുസ്യൂതമായ ഒഴുക്ക് അദ്ദേഹം നിരാകരിക്കുന്നില്ല. എഴുത്തിലെ ആത്മീയത സാഹിത്യത്തെ കാലങ്ങൾ അതിജീവിക്കാൻ പ്രാപ്തമാക്കുന്നതാണ് എന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

ജ്ഞാനത്തെ, പ്രാപഞ്ചിക സ്നേഹത്തെ, അന്ത:കരണത്തിന്റെ വെളിച്ചത്തിൽ അനുഭവിച്ച് വിമർശനകലയെ പുതിയ മേഖലകളിലേക്ക്, മറ്റൊരു സർഗ്ഗസൃഷ്ടിയായി പരിവർത്തനപ്പെടുത്തുന്നു ഈ എഴുത്ത്. ഉൾക്കനമാർന്ന, സാഹിത്യവും ദർശനവും സാമൂഹിക അവബോധവും ഓരോ വരിയിലും തുടിക്കുന്ന മലയാളത്തിന്റെ ഈ വിമർശനധാരയെ നല്ല വായനക്കാർ എന്നും നെഞ്ചേറ്റും. കവിതയുടെ അഭിരുചികളെ ചർച്ച ചെയ്യുമ്പോൾ അദ്ദേഹം പറയുന്നു, “നാടകമായാലും നോവലായാലും അമിതമായ പ്രചരണപരത ആപത്താണ്. റോഡിന് ഇടതുവശം ചേർന്നു പോവുക, രാവിലെ എഴുന്നേൽക്കുക, കമ്മ്യൂണിസം വളരെ നല്ലതാണ്, ഗാന്ധിസമാണ് ശരി, അമ്മയാണ് സത്യം തുടങ്ങി ആർക്കും ഏത് സമയത്തും പറയാവുന്ന കാര്യങ്ങൾ വലിയ കണ്ടുപിടിത്തമെന്നമട്ടിൽ കവിതയിൽ അവതരിപ്പിക്കുന്നത് താഴ്ന്ന അഭിരുചിയുടെ ലക്ഷണമാണ്.” എന്ത് എഴുതിയാലും സാഹിത്യമാണെന്ന മട്ടിൽ നവമാധ്യമങ്ങളിൽ വാഴ്ത്തപ്പെടുന്ന സൃഷ്ടികളെയും അവയുടെ സ്രഷ്ടാക്കളെയും ഒന്നു മനസ്സിരുത്തിയാൽ ഈ വാക്കുകളുടെ ശക്തിയും സാംഗത്യവും ബോധ്യമാകും. ഇതൊന്നുമല്ല, സൂക്ഷ്മ ജീവിതബന്ധങ്ങളെ, നിലനിൽപ്പിന്റെ ഉത്കണ്ഠകളെ മൗലികമായ രീതിയിൽ അവതരിപ്പിക്കണം സാഹിത്യം. ഫ്രഞ്ച്കവി ഷാങ് കോക്തോയെ ഉദ്ധരിച്ച്, ‘എഴുതുമ്പോഴും സിനിമ കാണിക്കുമ്പോഴും ചിത്രം പ്രദർശിപ്പിക്കുമ്പോഴും അലോസരപ്പെടുത്തണമെന്നാണ്’ ശ്രീ ഹരികുമാർ പറയുന്നത്. പുതിയൊരു സുവിശേഷമാണിത്.

വാക്കിന് കണ്ണുണ്ടാകണമെന്ന് ഉറപ്പിച്ചു പറയുന്ന ഈ വിമർശകൻ തന്റെ എഴുത്തിൽ ആ അകക്കണ്ണ് ഉറപ്പുവരുത്തുന്നു. അദ്ദേഹത്തിന്റെ എഴുത്തുകൾ, പ്രത്യേകിച്ചും ഈ ലേഖന പരമ്പര അതിനെ സാധൂകരിക്കുന്നു. ഭാഷ,സാഹിത്യം, ചിത്രകല, സിനിമ, തത്വചിന്ത തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളെയും കലയോട് ബന്ധപ്പെടുത്തി, ആഴത്തിൽ രേഖപ്പെടുത്തുന്നു ഈ ലേഖന പരമ്പര. തുടർ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു.

രജികുമാർ പുലാക്കാട്, ഹോസ്റ്റൽ ഓഫീസ്, ജെ എൻ ടി യു കോളേജ് ഓഫ് എൻജിനീയറിങ്, അനന്തപൂർ, ആന്ധ്രപ്രദേശ് Pin: 515002 Mob: 9989624310 pyarkee @ gmail. com

Leave a Reply

error: Content is protected !!