സരിത മോഹനൻ ഭാമ

കലാപരമായി വേണ്ടത്ര ഏശാതെ പോയ
ഒരു ചെറിയ ഫാന്‍റസി ചിത്രം മാത്രമാണോ അത്? അങ്ങിനെ ചിരിച്ചും ട്രോളിയും എഴുതിത്തള്ളണ്ട .

അറിഞ്ഞോ അറിയാതെയോ, രഞ്ജിത്ത്/ ശ്യാമപ്രസാദ് / മമ്മൂട്ടികമ്പനി ടീം , ഈ ഷോട്ട് ഫിലിമിലൂടെ ചൂണ്ടിക്കാട്ടുന്ന സാമൂഹ്യ ശാസ്ത്രം എന്താണ്?

മുതിര്‍ന്ന ഏകാകികള്‍ ഏറിക്കൊണ്ടിരിക്കുന്ന ,
മധുപാനാതുരര്‍ ഏറിക്കൊണ്ടിരിക്കുന്ന,
ഒരു സമകാലികസമൂഹത്തിന്റെ മനസ്സ് ആ ചിത്രത്തില്‍ കണ്ട്, ഉല്‍ക്കണ്ഠപ്പെടുന്നു മനോരോഗ വിദഗ്ധര്‍.

Dr G.R Santhosh Kumar എഴുതുന്നു. 👇
👇
“ഇതൊരു സിനിമ നിരൂപണമല്ല. സിനിമയുടെ ക്രാഫ്റ്റിനെ കുറിച്ചോ, അവതരണ രീതിയെക്കുറിച്ചോ അല്ല പറയാൻ ഉദ്ദേശിക്കുന്നത്.

ഈ സിനിമയുടെ ഉള്ളടക്കം കേരളത്തിലെ ‘ജെറിയാട്രിക് ഹെൽത്തു’മായി ബന്ധപ്പെട്ട ഒന്നാണ്.

വാർദ്ധക്യത്തിൽ പ്രത്യേകിച്ചും 70 വയസ്സിന് ശേഷം ഏതാണ്ട് 13 % ത്തോളം സ്ത്രീകളും പുരുഷന്മാരും (കൂടുതലും സ്ത്രീകൾ) നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്: ‘സ്പൗസ് ഡെത്ത്’ അഥവാ പങ്കാളിയുടെ മരണം. അതിനെ തുടർന്നുണ്ടാകുന്ന രോഗാതുരമായ ഏകാന്തത, അസ്തിത്വശൂന്യത. അത് വിഷാദത്തിലേക്കും, ഉത്കണ്ഠയിലേക്കും വ്യക്തികളെ കൊണ്ടെത്തിക്കുന്നു.

സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് തോന്നുമെങ്കിലും ഈ അവസ്ഥയുടെ വലിയ ഇരകളായി കണ്ടുവരുന്നത് പുരുഷന്മാരാണ്. മക്കളോടും ബന്ധുക്കളോടും ഉണ്ടാക്കിയെടുക്കുന്ന വൈകാരികബന്ധം ഈ അവസ്ഥയെ വാർദ്ധക്യത്തിൽ നേരിടാൻ സ്ത്രീകളെ കുറെയൊക്കെ പ്രാപ്തരാക്കും.

പക്ഷെ വ്യക്തിതലത്തിൽ വൈകാരിബന്ധം ഉണ്ടാക്കിയെടുക്കാനും നിലനിർത്താനും പുരുഷന്മാർക്ക് പലപ്പോഴും കഴിയാറില്ല. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ വിജയിയായ പുരുഷൻ ഒരു ‘അച്ചീവറാ’ണ്. ഉദ്യോഗം, സ്വാധീനം, സ്റ്റാറ്റസ് എന്നിവയാണ് അയാളുടെ അളവുകോലുകൾ. വാർദ്ധ്യക്യത്തിൽ ഇതെല്ലാം അപ്രസക്തമാവുന്നു.

ഒരുകാലത്ത് കുടുംബത്തിനുള്ളിലും സമൂഹത്തിലും പ്രമാണിയായി കഴിഞ്ഞിരുന്ന പുരുഷൻ പങ്കാളിയുടെ വേർപാടിനു ശേഷം രണ്ടു സ്ഥലത്തും അപ്രസക്തനായി തീരുന്നത് കാണാൻ കഴിയും.

പുരുഷൻ തൻ്റെ ജീവിതാന്ത്യത്തിൽ വളരെ വൈകി നേടുന്ന ഒരു തിരിച്ചറിവാണിത്. അതുകൊണ്ട് ഒരു പശ്ചാത്താപമായി ബന്ധങ്ങൾക്ക് വേണ്ടി അയാൾ ശ്രമിക്കും. പരാജയപ്പെടും. മറ്റൊരു കൂട്ടർ,

വൈകാരികബന്ധങ്ങളിലൂടെ കണക്റ്റഡ് ആയിരിക്കാൻ ശ്രമിക്കുന്നതിനു പകരം സ്വത്തിന് മേൽ പിടിമുറുക്കിയും സമ്പത്ത് പങ്കുവയ്ക്കാതെയും അധികാരം നിലനിർത്താൻ ശ്രമിക്കുന്നവരാണ്. വാർദ്ധക്യത്തിൽ ചുറ്റും മറ്റു മനുഷ്യരെ അവർ പിടിച്ചു നിറുത്തുന്നതങ്ങനെയാണ്. വാർദ്ധ്യക്യത്തിലും അവർ
അക്രമാസക്തനായി തുടരുന്നു. ഇത്തരം പുരുഷനാണ് മലയാള സിനിമയ്ക്ക് ഇന്ന് സ്വീകാര്യനായ വൃദ്ധൻ.

പക്ഷെ അധികം പേരും അങ്ങനെയല്ല. വാർദ്ധക്യത്തിൽ നമ്മുടെ ദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോകുന്നവരാണ്. കാലം തെറ്റി ജീവിക്കുന്ന ഈ മനുഷ്യർ നമുക്ക് പരിഹാസ്യരാണ്.

ഇവിടെ സിനിമയിലെ വിഷയം പങ്കാളിയുടെ മരണശേഷമുള്ള ഏകാന്തതയും ഉൾവലിയലും വിഷാദവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന ഡെല്യൂഷ (ഭ്രമാത്മകബോധം) നുമാണ്.

ഇതിനെ മറികടക്കാനുള്ള വഴിയാണ് അയാൾക്ക് മദ്യം. ഒരാൾക്ക് അയാളുടെ യഥാർത്ഥ സ്വത്വം നഷ്ടപ്പെടുമ്പോൾ അയാൾ അയഥാർത്ഥമായ സ്വത്വത്തിൽ അഭയം തേടും. മദ്യമാണ് ഇവിടെ ഹീലർ.

കേരളീയ സമൂഹത്തിൽ കാണുന്ന മദ്യപാനാസക്തിയുടെ കാരണവും മറ്റൊന്നായിരിക്കില്ല. അത് പുരുഷസമൂഹം പൊതുവിൽ നേരിടുന്ന പ്രതിസന്ധിയുടെ ലക്ഷണമാകാം.

പക്ഷെ കുടിക്കുന്ന നിമിഷങ്ങളിൽ മദ്യം ഒരാൾക്ക് സമാധാനം നൽകുമെങ്കിലും ആത്യന്തികമായി അത് പ്രശ്നങ്ങളെ വർദ്ധിപ്പിക്കുക മാത്രമായിരിക്കും ചെയ്യുക. അയാൾ കൂടുതൽ ഉൾവലിയും. കൂടുതൽ ഏകാകിയാകും. കൂടുതൽ വിഷാദവാനാകും. ഇതിൽ നിന്ന് രക്ഷപെടാൻ വീണ്ടും കുടിക്കുന്നു.

മദ്യം അങ്ങനെ നഷ്ടപ്പെട്ട പങ്കാളിക്ക് പകരമായി തീരുന്നു. മദ്യവും അയാളും വേർപിരിയാത്ത കമിതാക്കളാവുന്നു. വാർദ്ധക്യത്തിൽ പങ്കാളിയുടെ മരണത്തിനുശേഷം കണ്ടുവരുന്ന ഒരു പ്രതിഭാസമാണിത്. സോഷ്യൽ ഡ്രിങ്കേഴ്‌സായിരുന്നവർ പലരും ഈയവസരത്തിൽ അമിതമദ്യപാനത്തിലേക്ക് തിരിയും. ചിലർ ആദ്യമായി മദ്യം കുടിച്ചു തുടങ്ങും.

വാർദ്ധക്യത്തിൽ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇങ്ങനെ ഉണ്ടാകുന്ന മദ്യപാനമാണ്. ഇത്തരം ക്രോണിക് ആൽക്കഹോളിസം ക്രമേണ കടുത്ത മാനസിക രോഗാവസ്ഥകളിലേക്ക് നയിക്കും. ഇല്ലാത്തത് ഉണ്ടെന്ന് സംശയിക്കും. ഇല്ലാത്തത് കേൾക്കും. ഇല്ലാത്തത് കാണും. കേൾക്കുന്നതിനെയും കാണുന്നതിനെയും തെറ്റായി മനസ്സിലാക്കും.

മദ്യം ഉണ്ടാക്കുന്ന ന്യൂറോടോക്സിസിറ്റിയാണ് ഈ അവസ്ഥയ്ക്ക് കാരണം. മദ്യം തലച്ചോറിന് കേടുവരുത്തിയിരിക്കുന്നു. ഇങ്ങനെ ന്യൂറോടോക്സിക്കായി തീർന്ന ഒരാൾക്ക് ജീവിതം കൈവിട്ടു പോകും. അത് തിരിച്ചു പിടിക്കാനും എല്ലാം ക്രമത്തിലാക്കാനും അയാൾക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. അയാൾ അതിന് ശ്രമിക്കും.

പക്ഷെ ഒരിക്കലും തിരിച്ചുവരാത്ത ആർക്കോ ഒരാൾക്ക് വേണ്ടി കാത്തിരിക്കുന്നത് പോലെയാണത്. ഒരു മിന്നായം പോലെ ആ ആഗ്രഹം തെളിഞ്ഞു മിന്നും. അടുത്ത നിമിഷം മാഞ്ഞുപോവും. സിനിമയിൽ നാം കാണുന്ന മനുഷ്യൻ കൺഫ്യൂസ്ഡ് ആണ്. ഡിസ്ഓറിയെൻ്റഡ് ആണ്.

ക്രോണിക് ആൽക്കഹോളിസത്തിലുണ്ടാവുന്ന സൈക്കോട്ടിക്ക് അവസ്ഥയേക്കാൾ അയാൾ നേരിടുന്ന പ്രശ്നം ലിവർ ഫെയ്ല (കരളിൻ്റെ പ്രവർത്തന ഭംഗം) റാണെന്ന് കരുതാം. സൈക്കോസിസിൽ, പ്രധാനമായും ഓഡിറ്ററി ഹലൂസിനേഷനാണ് കാണുന്നത്. ഇല്ലാത്തത് കേൾക്കും. ലിവർ ഫെയ്ലറിൻ്റെ ഭാഗമായ മസ്തിഷ്ക്ക രോഗത്തിൽ (ഹെപ്പാറ്റിക് എൻസഫലോപ്പതി) ഇല്ലാത്തത് കാണുകയാവും ചെയ്യുക. വിഷ്വൽ ഹലൂസിനേഷൻ.

നാം കാണുന്നത് തൻ്റെ മരണത്തിന് മുമ്പുള്ള ഒരു മനുഷ്യനെയാണ്. അതയാളുടെ അവസാന ദിവസങ്ങളാണ്. നാം ജീവിച്ച ലോകം ചുറ്റും നിലനിൽക്കെ നാം ഇല്ലാതാകുവെന്ന തിരിച്ചറിവാണ് ഏറ്റവും വേദനാജനകമായ അനുഭവം.

ഈ ഇല്ലാതാകൽ ഒരാളുടെ മരണം മാത്രമല്ല, അയാളെ അറിയാമായിരുന്നവർ ഒന്നൊന്നായി ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നത് കൂടിയാണ്.

Leave a Reply

error: Content is protected !!