

ജോണി.കെ.ജെ
ഒ. വി വിജയനും ആനന്ദും മുകുന്ദനും കുന്ദേരയും ഉള്ളിൽ പേറി ഗൊദാർദ്ദും കിസ്ലോവ്സ്ക്കിയും താർക്കോവ്സ്ക്കിയും കണ്ട് കണ്ണാന്തളിപ്പൂക്കൾ തേടി നടക്കുന്ന കേരളത്തിലെ സ്യൂഡോ ഇൻറലക്ചൽസിന് ആരോ എന്തോ ആണെന്ന് തോന്നലുണ്ടായതിൽ അത്ഭുതമില്ല.
മഴയും ഓട്ടോറിക്ഷയും വട്ടപ്പൊട്ടും സാരിയും സ്വർണ്ണവളയും, ഉമ്മറപ്പടിയും ചാരുകസേരയും IFFK സഞ്ചിയും കുർത്തയും ഒഴിവാക്കണമത്രേ! അതൊക്കെ സവർണ്ണ ബിംബങ്ങൾ ആണെന്ന് ചിലർ വിലാപവും രോഷവും ഒന്നിച്ചു പ്രകടിപ്പിക്കുന്നു.
അൻപത് കഴിഞ്ഞ ഈ മദ്ധ്യ വയസ്ക്കർ മാത്രമല്ല ന്യൂജൻപിള്ളേർ വരെ കള്ളു കുടിച്ചാൽ തനി കാല്പനിക ഭാവത്തിലാണ്. പ്രണയ വിലാപം ഒലിച്ചിറങ്ങുകയാണ്.
താമസമെന്തേ വരുവാൻ…
ഒരു പുഷ്പം മാത്രമെൻ…
മാരിവില്ലിൻ തേൻ മലരേ…
അല്ലിയാന്പൽ കടവിൽ..
തുടങ്ങിയ നൊസ്റ്റാൾജിയ ക്ലീഷേകൾ പെയ്തു തീരുകയാണ് പതിവ്.
എന്നിട്ടാണ് നവ ഭാവുകത്വം പറയുന്നത്?
ഇത്രയും വ്യാജമായ ഒരു സമൂഹം കേരളത്തിൽ അല്ലാതെ വേറൊരിടത്തും കാണില്ല.
പക. അസൂയ, അസഹിഷ്ണുത, വെറുപ്പ്, ജാതി തുടങ്ങിയ എല്ലാ വിഷങ്ങളും ഉള്ളിലാക്കി ജീവിക്കുന്ന വർഗ്ഗം.
ഇവർക്ക് ആരോ എന്തോ പടമാണ്. ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കണ്ട് സോഷ്യൽ മീഡിയയിൽ ഇത്രയും വിഷം വമിപ്പിക്കാൻ കഴിഞ്ഞെങ്കിൽ ആ സിനിമ തീർച്ചയായും കണ്ടിരിക്കണം. രണ്ടു ദിവസം കൊണ്ട് പത്തുലക്ഷത്തിലധികം പേർ കണ്ട് കഴിഞ്ഞിരിക്കുന്നു.
ഇത്രയും മനോഹരമായി ഒരു ദൃശ്യ കാവ്യം ഇതിൽ കൂടുതൽ എങ്ങനെ സൗന്ദര്യാത്മകമാക്കാനാവും… എന്ന് ചോദിക്കുന്നവരുണ്ട്.ഞാനും ആ കൂട്ടത്തിൽ ആണ്.
