ഡോ.എ. സമ്പത്ത്

ഞങ്ങളുടെയെല്ലാം “അണ്ണന്‍” ആയിരുന്ന സഖാവ് ആനത്തലവട്ടം ആനന്ദൻ വിട പറഞ്ഞിട്ട് രണ്ട് വർഷമാകുന്നു. ‘ഉരുക്ക് എങ്ങനെ കട്ടിയാക്കപ്പെട്ടുവോ’ അതുപോലെ സ്പുടം ചെയ്തെടുത്ത ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതാവസാനംവരെ തിളക്കമാര്‍ന്ന തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു ആനത്തലവട്ടം. ഉന്നതമായ കോളേജ് വിദ്യാഭ്യാസം ലഭിക്കാനുള്ള ഭാഗ്യം തന്റെ ചെറുപ്പത്തില്‍ ലഭിക്കാതെപോയ ആ സഖാവ് ഉന്നത വിദ്യാഭ്യാസമുള്ള വിവിധ വര്‍ഗ്ഗങ്ങളില്‍ നിന്നുള്ളവരോട് സംവദിക്കുമ്പോള്‍ അസാമാന്യമായ ജ്ഞാനത്തിന്റെയും അപൂര്‍വ്വമായ ജീവിതാനുഭവങ്ങളുടേയും സമന്വയമായ, തീക്ഷ്ണമായ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകളും വാചകങ്ങളും ഒരു പുഴപോലെ ഒഴുകിവരുമായിരുന്നു. ഓരോ പ്രസംഗവും ഓരോ അനുഭവമായിരുന്നു.
തിരുവനന്തപുരം ജില്ലയെ പൊതുവിലും, പഴയ ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളെ പ്രത്യേകിച്ചും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാക്കി വളര്‍ത്തിക്കൊണ്ട് വന്നതില്‍ ആനത്തലവട്ടം ഉള്‍പ്പെടെയുള്ള ഒരു മൂന്ന് തലമുറകളിലെ നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും കുടുംബാംഗങ്ങളും വഹിച്ച ത്യാഗനിര്‍ഭരമായ പങ്ക് ചരിത്രത്തിലെ മറക്കാനാവാത്ത ഏടുകളാണ്. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ജീവിത സാഹചര്യത്തില്‍ നിന്നും പണിയെടുക്കുന്ന വര്‍ഗ്ഗത്തെ, വിശിഷ്യാ കയര്‍ തൊഴിലാളികളെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവന്നതില്‍ സഖാവ് ആനന്ദനുള്ള പങ്ക് എക്കാലവും സ്മരിക്കപ്പെടും. എ.കെ.ജി. , ഇ.എം.എസ്., ഇ.കെ. നായനാര്‍, സുശീലാഗോപാലന്‍, കാട്ടായിക്കോണം ശ്രീധര്‍, കെ. ആര്‍. ഗൗരിഅമ്മ മുതലായ നേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിന് ചെറുപ്പത്തിലേ ഉണ്ടായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേയും പിന്നീട് സി.പി.ഐ (എം) ലേയും പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന വ്യക്തിബന്ധം എടുത്തുപറയേണ്ടതാണ്. അവരുടെ കുട്ടിളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ചും അദ്ദേഹം അന്വേഷിക്കുമായിരുന്നു.
“ആനന്ദയണ്ണന്‍” എന്നുമാത്രം ഞാന്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സംബോധന ചെയ്യുമായിരുന്ന സഖാവ് ആനത്തലവട്ടം അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്കെല്ലാം ജ്യേഷ്ഠ സഹോദരനായിരുന്നു. ഏറ്റവും മുതിര്‍ന്ന ജ്യേഷ്ഠനെ നഷ്ടപ്പെട്ട അനുജന്റെ മാനസികാവസ്ഥയിലാണ് ഞാന്‍ ഉള്‍പ്പടെ അനേകംപേര്‍.
സി.പി.ഐ (എം) പിറന്നു വീഴുന്നതുതന്നെ രൂക്ഷമായ പോരാട്ട വേളയിലാണ്. എല്ലാ ഭാഗത്തുനിന്നും ഒറ്റപ്പെടുത്താനും, വകവരുത്താനും, ആക്രമിക്കാനും പ്രചണ്ഡമായ കുപ്രചരണങ്ങളും ഭരണകൂട നടപടികളും അഴിച്ചുവിട്ട ഒരു കാലം !.. “ ചൈനാ ചാരന്‍മാര്‍” എന്ന് മുദ്രകുത്തി സി.പി.ഐ (എം) നേതാക്കളെ കൂട്ടത്തോടെ ജയിലിലടച്ച കാലം. കമ്മിറ്റികളും യോഗങ്ങളും പ്രകടനങ്ങളും കലക്കാനായി പോലീസും ഗൂണ്ടകളും അഴിഞ്ഞാടിയ കാലം. പ്രമുഖ പത്രങ്ങള്‍ തുറന്നാല്‍ മാര്‍ക്സിസ്റ്റ് വിരുദ്ധ നുണകള്‍ ‘വെണ്ടക്കാക്ഷരങ്ങ’ ളായി നിരത്തിയ കാലം. മാര്‍ക്സിസ്റ്റുകാര്‍ക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ പോലും പലരും ഭയപ്പെട്ടിരുന്ന കാലം. ടെലഫോണുകളും, തപാല്‍ ഉരുപ്പടികളും രഹസ്യപോലീസ് നിരീക്ഷണത്തിലായിരുന്ന കാലം. സര്‍ക്കാര്‍ ജോലിയും സ്വകാര്യ തൊഴിലും പോലും നിഷേധിക്കാന്‍ ഒറ്റക്കാരണം മതിയായിരുന്നു …… “അയാള്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ്”. വി.പി. സിംഗ് പ്രധാന മന്ത്രിയായ കാലത്താണ് ഇന്ത്യാഗവണ്‍മെന്റ് സര്‍വ്വീസിലേക്ക് കേരളം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയിരുന്ന “ഡബിള്‍ വെരിഫിക്കേഷന്‍” എന്ന വിവേചനം അവസാനിപ്പിച്ചത്.
1964 -ല്‍ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്ന ദിവസങ്ങളിലേക്ക് കടക്കുന്നു…… ഒരു അര്‍ദ്ധ രാത്രിയില്‍ ഞങ്ങളുടെ വീട്ടിന്റെ ചുറ്റുവട്ടത്ത് ബൂട്സുകളുടെ ശബ്ദം, വിസില്‍ നാദം, കതകില്‍ ആരോ മുട്ടുന്നു “ മിസ്റ്റര്‍ അനിരുദ്ധനുണ്ടോ ?” എന്ന ചോദ്യം ‘ചൈനീസ് ഏജന്റ് ‘ എന്ന് ആരോപിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയ എന്റെ പിതാവ് ഒരു വിചാരണപോലും ഇല്ലാതെ ഒന്നരക്കൊല്ലത്തോളമാണ് തടവില്‍ കഴിയേണ്ടിവന്നത്. 1965 – ല്‍ കേരള നിയമസഭയിലേക്ക് അനിരുദ്ധന്‍ മത്സരിക്കുമ്പോള്‍ ജയിലില്‍ കിടക്കുന്ന സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ആനത്തലവട്ടമായിരുന്നു. മൂന്നു വയസ്സു പോലുമില്ലാത്ത എന്നെ നെഞ്ചിലേറ്റി പ്രചരണ രംഗത്തേയ്ക്ക് കൊണ്ടുപോയതില്‍ പ്രമുഖന്‍ അണ്ണനായിരുന്നു. രാഷ്ട്രീയം എന്തെന്നറിയില്ലാത്ത ആ കുട്ടിക്ക് പക്ഷേ ജയില്‍ എന്തെന്ന് അന്നേ മനസിലായിരുന്നു. കേരള മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിനെയാണ് കെ. അനിരുദ്ധന്‍ പരാജയപ്പെടുത്തിയത്. ആ അട്ടിമറി വിജയം 1967 – ലെ നാലാം ലോക സഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം ആവര്‍ത്തിച്ചു.
കേരളത്തിലെ തെരഞ്ഞെടുപ്പുകളില്‍ മാത്രമല്ല, തമിഴ്നാട്ടിലെ ചില തെരഞ്ഞെടുപ്പുകളിലും ആനത്തലവട്ടം മുഖ്യ പ്രചാരകനായിരുന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ നീളുമായിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രസംഗങ്ങള്‍ രാഷ്ട്രമീമാംസയുടേയും സാമ്പത്തിക ശാസ്ത്രത്തിന്റെയും ശാഖോപ ശാഖകളായി വികാസം പ്രാപിക്കുന്ന മനുഷ്യരാശിയുടെ ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. തൊഴിലും കൂലിയും സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും അദ്ദേഹത്തിന് ജീവിത സപര്യയുടെ ഭാഗമായിരുന്നു.
“കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ…” ഇതു ചരിത്രമാണ്; 1973-ല്‍ രക്തസാക്ഷിയായ സഖാവ് (വാഴമുട്ടം) അമ്മു ഉള്‍പ്പടെയുള്ള തൊഴിലാളി സഖാക്കളുടെ ധീരോദാത്തമായ പോരാട്ടത്തിന്റെ ചരിത്രം. 1975 -ലെ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പട്ടിണിജാഥ. 1954 – ല്‍ കയര്‍ തൊഴിലാളികളുടെ സമരകേന്ദ്രത്തിലേക്ക് കടന്നു ചെന്ന കടയ്ക്കാവൂരിലെ സ്കൂള്‍ വിദ്യാര്‍ത്ഥി, പുസ്തക കെട്ടും മുദ്രാവാക്യവും തന്റെ ജീവിതത്തിലുടനീളം കൊണ്ടുനടന്നു. റെയില്‍വേയിലും, പട്ടാളത്തിലും ചേരാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ യുവാവ്, പിന്നീട് അദ്ധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ അമരക്കാരനായി, നാടിന്റെ പ്രിയപ്പെട്ടവനായി, എല്ലാവര്‍ക്കും “ആനത്തലവട്ടമായി”, ഞങ്ങള്‍ക്ക് ജീവനായി മാറിയ സമരസഖാവ്.
എല്ലാ തൊഴിലാളി ദ്രോഹ നിയമങ്ങളേയും നടപടികളേയും നയങ്ങളേയും അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. തൊഴിലാളികളുടെ എന്തെങ്കിലും തെറ്റുകളെ പര്‍വ്വതീകരിക്കുകയും തൊഴിലാളി വിരുദ്ധ ശക്തികളുടെ കുടിലതകളെ കണ്ണടയ്ക്കുകയും ചെയ്യുന്ന അന്യവര്‍ഗ്ഗ ചിന്താഗതികള്‍ക്കെതിരെ സഖാവ് ആനന്ദന്‍ എക്കാലത്തും ഒരു പ്രതിരോധമായിരുന്നു. സ്കൂള്‍ ലീഡറില്‍ നിന്നും തൊഴിലാളി വര്‍ഗ്ഗത്തിന്റെ നായക സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ജൈത്രയാത്ര ചുട്ടുപൊള്ളുന്ന തീക്കനലുകളില്‍ ചവിട്ടിക്കൊണ്ടായിരുന്നു. നിരവധി സമരങ്ങളില്‍ പങ്കെടുത്തതിന് കളളക്കേസുകള്‍, നീണ്ടുപോയ വിചാരണകള്‍, പോലീസ് മര്‍ദ്ദനങ്ങള്‍, ഗൂണ്ടാ സംഘങ്ങളുടെ ഭീഷണികള്‍, ഒളിവുജീവിതം അടിയന്തരാവസ്ഥയിലെ MISA തടവുകാരന്‍….
1974-ല്‍ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായും, 1987, 1996, 2006 എന്നീ വര്‍ഷങ്ങളില്‍ മൂന്നുതവണ ആറ്റിങ്ങലില്‍ നിന്ന് നിയമസഭാംഗമായും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കാട്ടിയ ആത്മാര്‍ത്ഥതയും ശുഷ്കാന്തിയും ഏത് പൊതുപ്രവര്‍ത്തകനും മാതൃകയാണ്. നിയമസഭയില്‍ തൊഴിലാളി പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിലും‍ വികസന കാര്യങ്ങള്‍ക്കായി ഇടപെടുന്നതിലും, പുറത്ത് പോരാളിയും സംഘാടകനും പ്രചാരകനും നേതാവും ഒക്കെയായി ഇടതടവില്ലാതെ അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് ആനത്തലവട്ടം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാവുമ്പോള്‍ കഷ്ടിച്ച് വയസ് 18. എണ്‍പത്തി ആറാമത്തെ വയസ്സില്‍ അദ്ദേഹം വിടവാങ്ങുമ്പോള്‍ സി.ഐ.ടി.യു വിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റും അഖിലേന്ത്യാ നേതാവും മാത്രമല്ല, പണിയെടുത്ത് ജീവിക്കുന്ന എല്ലാവരുടേയും ആരാധ്യ പുരുഷനായിരുന്നു അദ്ദേഹം. 1971 ല്‍ സി.പി.ഐ. (എം) ന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സ: സി. എച്ച്. കണാരന്റെ നിര്‍ദ്ദേശ പ്രകാരമാണ് ആനന്ദന്‍ എന്ന ചെറുപ്പക്കാരന്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനാവുന്നത്. പിന്നീട് അദ്ദേഹം നിരവധി തൊഴിലാളി സംഘടനകളുടെ രൂപീകരണത്തില്‍ പങ്കുവഹിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ നേതാവായി. “ഭരണവും സമരവും ഒന്നിച്ചുകൊണ്ടുപോവും” എന്ന ഇ.എം.എസ്. വാചകം ആദ്യമായി 1957 ല്‍ കേരളം കേള്‍ക്കാനിടയായത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സഖാവ് ആനന്ദന്റെ നേതൃത്വത്തിലുള്ള കയര്‍ തൊഴിലാളി ജാഥയെതുടര്‍ന്നായിരുന്നു.
ട്രേഡ് യൂണിയനുകളുടെ സമ്മേളനങ്ങളിലും, പാര്‍ട്ടി വേദികളിലും, പൊതു പരിപാടികളിലും അണ്ണനോടൊപ്പം പങ്കെടുക്കാന്‍ സാധിച്ചത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ്. വിപ്ലവകാരിയുടെ ജീവിതത്തിന്റെ നിഷ്ഠകളും സൂക്ഷ്മതയും സഹജീവികളോടുള്ള സ്നേഹവും കടപ്പാടും നമ്മേ പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തെന്നാണ്. 1996 – ല്‍ അദ്ദേഹം നിയമസഭയിലേക്കും ഞാന്‍ (11-ാം) ലേക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളികള്‍ യഥാക്രമം വക്കം പുരുഷോത്തമനും തലേക്കുന്നില്‍ ബഷീറുമായിരുന്നു. 1957 മുതല്‍ 2021 വരെയുള്ള എല്ലാ നിയമസഭ, ലോക് സഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ സംഘടനാ പാടവവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അന്യാദൃശ്യമായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ്, നടത്തിപ്പ് മുതലായവയില്‍ അദ്ദേഹം മാര്‍ഗ്ഗ ദര്‍ശിയായിരുന്നു. 1996 -ല്‍ കയര്‍ ഫെഡിന്റെയും പിന്നീട് ദേശീയ കയര്‍ ബോര്‍ഡിന്റെയും ഭാരവാഹിയായിരുന്നു.
ഞങ്ങളുടെ കുടുംബത്തിലേതുപോലെതന്നെ ആയിരക്കണക്കിന് കുടുംബങ്ങളിലും ആനത്തലവട്ടം ആനന്ദന്‍ എന്ന വ്യക്തി ഒരു അംഗമായിരുന്നു; എപ്പോള്‍ വേണമെങ്കിലും വരാമായിരുന്ന, ഏതുകാര്യത്തിലും വിലപ്പെട്ട ഉപദേശം നല്‍കാന്‍ കഴിയുമായിരുന്ന, അവശ്യ ഘട്ടങ്ങളില്‍ താങ്ങായിരുന്ന, ഒരു കുടുംബാംഗം….. ഉത്തമ കമ്മ്യൂണിസ്റ്റ്.
സി.പി.ഐ. (എം) ന്റെ രൂപീകരണ വേളയില്‍ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘വിശ്വകേരളം’ ദിനപത്രത്തിന്റെ പത്രാധിപര്‍ എന്ന പേരില്‍ എന്റെ പിതാവ് കെ. അനിരുദ്ധന്‍ – എന്നാല്‍ പാളയത്ത് ആ പത്രം ഓഫീസിന്റെ നടത്തിപ്പിനായി തന്റെ അഭിഭാഷക വൃത്തി പോലും മാറ്റിവയ്ക്കേണ്ടിവന്ന അഡ്വ. വി. അപ്പുരാജന്‍ (എന്റെ മാതാവ് പ്രൊഫ. കെ. സുധര്‍മ്മയുടെ ഇളയ അനുജന്‍) പലപ്പോഴും താനുള്‍പ്പടെയുള്ള ചെറുപ്പക്കാര്‍ക്ക് തലസ്ഥാന നഗരിയിലെ അഭയമായിരുന്നു എന്ന് ആനന്ദണ്ണന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഗതാഗത സൗകര്യവും വാര്‍ത്താവിനിമയ സംവിധാനങ്ങളും കുറവായിരുന്ന 1960 കളില്‍ വൈദ്യുതി പോലും സുലഭമല്ലാതിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭക്ഷണവും ഈ നഗരത്തില്‍ തലചായ്ക്കാന്‍ ഒരിടവും !.
ടെലിവിഷന്‍ സംവാദങ്ങളി‍ല്‍ തന്റെ സംഘടനയുടെ നിലപാടും വര്‍ഗ്ഗരാഷ്ട്രീയവും പ്രേക്ഷകര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ വ്യക്തമായും കൃത്യമായും അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവര്‍ത്തകരും തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തന്റെ മക്കളുടെ പ്രായംപോലുമില്ലാത്ത ചില അവതാരകരും സംവാദകരും അവരുടെ രാഷ്ട്രീയ അജ്ഞതയും അസത്യജഢിലമായ നിലപാടുകളും മാന്യതക്ക് നിരക്കാത്ത പദപ്രയോഗങ്ങളും സ്വന്തം യോഗ്യതകളായി നടിച്ചാല്‍ പോലും ഏഴ് പതിറ്റാണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അനുഭവ സമ്പത്തും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രത്യയ ശാസ്ത്ര ദിശാബോധവും അടിത്തറയാക്കിയ ആനത്തലവട്ടം യാതൊരു ചാഞ്ചല്യവുമില്ലാതെ, ഒരു വിധത്തിലുള്ള പ്രകോപനവുമില്ലാതെ, ആരോടും ലേശം പോലും അനിഷ്ടമില്ലാതെ തന്റെ വാദമുഖങ്ങള്‍ ഒരു പുഞ്ചിരിയോടെ അവതരിപ്പിക്കുമായിരുന്നു. ഇന്നത്തെ കാലത്തെ പല മാധ്യമ പ്രവര്‍ത്തകരും ആനത്തലവട്ടത്തിന്റെ ചര്‍ച്ചകളില്‍ നിന്ന് പലതും പഠിക്കാനുണ്ട്; പ്രത്യേകിച്ചും രാഷ്ട്രീയ ചരിത്രവും പരസ്പര ബഹുമാനവും.
“കയറുപിരിക്കും തൊഴിലാളിക്കൊരു കഥയുണ്ടുജ്ജ്വല സമരകഥ…”

Leave a Reply

error: Content is protected !!