സ്വാമി വിനയചൈതന്യ

“ആദ്യരുടെ അറുപതുവചനത്തിനു്

ദണ്ണായകരുടെ ഇരുപതുവചനം!

ദണ്ണായകരുടെ ഇരുപതുവചനത്തിനു്

പ്രഭുദേവരുടെ പത്തുവചനം!

പ്രഭുദേവരുടെ പത്തുവചനത്തിനു്

അജഗണ്ണന്റെ അഞ്ചുവചനം!

അജഗണ്ണന്റെ അഞ്ചുവചനത്തിനു്

കൂടലചന്നസംഗയ്യനിൽ

മഹാദേവിയക്കഗളുടെ ഒരു വചനം നിർവ്വചനം,

കാണൂ സിദ്ധരാമയ്യാ”…

images/mohan-10-s.png

അക്കന്റെ സമകാലീനനും, പ്രസിദ്ധവചനകാരനുമായ ചന്നബസവണ്ണന്റെ ഒരു വചനമാണു് മുകളിൽ ഉദ്ധരിച്ചിട്ടുള്ളതു്. അക്കന്റെ വചനങ്ങളെ മറ്റു വചനകാരന്മാർ എങ്ങനെ കണ്ടുവെന്നതിനു് നല്ലൊരുദാഹരണമാണു് ഈ വചനം. ഇതിൽ പരാമർശിക്കപ്പെടുന്ന വചനകാരന്മാർ കന്നഡത്തിൽ സുപ്രസിദ്ധരാണു്. ‘ആദ്യർ’ എന്നറിയപ്പെടുന്ന ‘ആദയ്യ’യാണു് ആദ്യവചനകാരനായി അറിയപ്പെടുന്നതു്. ‘എനിക്കു തോന്നിയ പോലെ ഞാൻ പാടും’ എന്നു സധൈര്യം പറയുകമാത്രമല്ല, മനുഷ്യമനസ്സിന്റെ ഉയരങ്ങളും ആഴങ്ങളും സാമൂഹിക ഉച്ചനീചത്വങ്ങൾക്കു് അതീതമായി എല്ലാവർക്കും പ്രാപ്യമാണെന്നും ആദ്ധ്യാത്മികതത്വങ്ങൾ പ്രതിപാദിക്കുന്നതിനു് സംസ്കൃതംപോലെ നാട്ടുഭാഷകളും തികച്ചും പര്യാപ്തങ്ങളാണെന്നും തെളിയിക്കുകവഴി, യാഥാസ്ഥിതികത്വത്തോടുള്ള വെല്ലുവിളിയായിട്ടാണു് പത്താംനൂറ്റാണ്ടിൽ വചനങ്ങളുടെ ആവിർഭാവം കന്നഡയിലുണ്ടായതു്. എല്ലാവരും ശിവന്റെ മക്കളാണെന്നും സോദരങ്ങൾക്കിടയിൽ അസമത്വങ്ങളില്ലെന്നും ഈ സത്യം എല്ലാ വീര്യത്തോടുംകൂടി അനുഷ്ഠിക്കേണ്ടതാണെന്നും ഈ ശിവശരണർ വിശ്വസിച്ചു. ഇവരിൽ പ്രമുഖരായിരുന്നു വീരശൈവമതസ്ഥാപകനായി ഗണിക്കപ്പെടുന്ന ശ്രീബസവേശ്വരൻ, അദ്ദേഹത്തിന്റെ ഗുരുവായി കരുതപ്പെടുന്ന അല്ലമപ്രഭു, തന്റെ നിഷ്ഠയിൽ എല്ലാവരേയും അതിശയിച്ച അജഗയ്യ തുടങ്ങി മേലുദ്ധരിച്ച വചനത്തിൽ പറയുന്ന ശരണർ.

പത്തുമുതൽ പതിനാലാം നൂറ്റാണ്ടുവരെ കർണ്ണാടകത്തിൽ വലിയൊരു മാറ്റം വരുത്താൻ വീരശൈവപ്രസ്ഥാനത്തിനു കഴിഞ്ഞു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബസവണ്ണനെ സ്ഥാപകനായി കരുതുന്നുവെങ്കിലും പുരാതനമാണു് ഈ മാർഗ്ഗമെന്നും, ജനതയുടെ ആദിബോധത്തിൽ ഉറങ്ങുന്ന ‘ശിവജ്ഞാന’ത്തെ തൊട്ടുണർത്തുക മാത്രമേ തങ്ങൾ ചെയ്യുന്നുള്ളുവെന്നും ഇവർ പറയുന്നു. തമിഴ്‌നാട്ടിലെ നയിനാർമാരെ പുരാതനരെന്നു വിളിക്കുന്ന ഇവർ ഭാരതത്തിൽ പണ്ടുമുതൽ നിലനിന്നിരുന്ന ശൈവപാരമ്പര്യത്തെത്തന്നെ പുനരുദ്ധരിക്കയാണു ചെയ്തതു്. ‘ദേഹം തന്നെ ദേവാലയം’, ‘കർമ്മം തന്നെ കൈലാസം’ തുടങ്ങിയ വചനങ്ങൾ ആദ്യനോട്ടത്തിൽ തികച്ചും ലളിതമെന്നു തോന്നാമെങ്കിലും അവ പൗരോഹിത്യമേൽക്കോയ്മയുടെ വിഗ്രഹാരാധന, തൊഴിലനുസരിച്ചുള്ള ജാതിശ്രേണീകരണം, തുടങ്ങിയ ജഡിലതകൾക്കെതിരേ ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നതു് ശ്രദ്ധേയമാണു്. ബ്രാഹ്മണ്യത്തിന്റെ അത്തരം യാഥാസ്ഥിതികത്വത്തിനു മറുവശമായെന്നോണം സാമ്പ്രദായികമായതിനെയെല്ലാം നിഷേധിക്കുന്ന ജൈനപാരമ്പര്യവും അന്നത്തെ കർണ്ണാടകത്തിൽ പ്രബലമായിരുന്നു. ഇസ്ലാംമതവും അതു വാഗ്ദാനംചെയ്ത സാമൂഹിക സമത്വവും അതേകാലത്തു് ജനങ്ങളെ ആകർഷിച്ചു തുടങ്ങിയിരുന്നു. ഇതിനെത്തടയാൻ ശ്രമിച്ച നവോത്ഥാനമായിരുന്നു ‘ഭക്തിപ്രസ്ഥാന’മെന്നു്, വീരശൈവപ്രസ്ഥാനത്തെയും അതിന്റെ ഭാഗമായാണു് കാണേണ്ടതെന്നു്, അഭിപ്രായപ്പെടുന്നവരുണ്ടു്. എന്നാൽ ആയിരക്കണക്കിനു് ‘ശരണരും’ ജാതി-മത ഭാഷാ ലിംഗഭേദങ്ങളില്ലാതെ തികഞ്ഞ സാമൂഹിക (രാഷ്ട്രീയ) ബോധത്തോടെ ഒരുമിച്ചുജീവിച്ചിരുന്ന, ആഴമറ്റ ജ്ഞാനസംവാദങ്ങളും മറ്റും എത്രയും സജീവമായിരുന്ന ‘അനുഭവ മണ്ഡപ’ത്തിന്റെ മൂല്യമാനങ്ങൾ ‘ഭക്തിപ്രസ്ഥാന’മെന്ന അക്കാദമിക് സംവർഗത്തിനു് (category) ഉൾക്കൊള്ളാവതല്ല.

കാശ്മീരം മുതൽ കേരളം വരെയുള്ളിടങ്ങളിൽനിന്നുവന്ന ‘ശരണരി’ൽ പലരുടെയും വചനങ്ങൾ നാമമാത്രമായെങ്കിലും അവശേഷിക്കുന്നുണ്ടു്. കേരളത്തിൽനിന്നുവന്ന ‘ഗുഗ്ഗവ്വ’യുടെ (കുക്കൃമ്മ?) പേരു് ഇവിടെ സ്മരണീയമാണു്. ‘ധൂപകായകദ ഗുഗ്ഗവ്വ’യുടേതെന്നറിയപ്പെടുന്ന (ധൂപം പുകയ്ക്കൽ തൊഴിലാക്കിയ ഗുഗ്ഗവ്വ) നാലഞ്ചുവചനങ്ങളുണ്ടു്. ‘ശൂന്യസമ്പാദനെ’ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളിലാണു് വചനകാരരായ പലരുടെയും പേരുകൾ പറയുന്നതു്; എങ്കിലും അവരുടെയെല്ലാം വചനങ്ങൾ കണ്ടുകിട്ടിയിട്ടില്ല. ഓലഗ്രന്ഥങ്ങൾ സൂക്ഷിക്കാനുള്ള പ്രയാസവും (ചിതലിനു പ്രസിദ്ധമാണു് കർണ്ണാടകം) കാലത്തിന്റെ മഹത്വവും ഇതിനു കാരണമായിരിക്കാം. ഏതായാലും അക്കമഹാദേവിയുടേതായി ഏതാണ്ടു് നാനൂറ്റിഇരുപതു വചനങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടു്. ലഭ്യമായ എല്ലാ വചനസംഗ്രഹങ്ങളും താളിയോലകളും പരിശോധിച്ചു്, താരതമ്യങ്ങളും പഠനങ്ങളും നടത്തി വചനസാഹിത്യമണ്ഡലത്തിൽ തന്റെ ചിരമുദ്ര പതിപ്പിച്ച പ്രൊഫ. (ഡോ.) എൽ. ബസവരാജു സംശോധനം ചെയ്തു്, ഗീതാ ബുക്ക് ഹൗസ് (മൈസൂർ) പ്രകാശിപ്പിച്ചിട്ടുള്ള അക്കന്റെ വചനങ്ങൾ (അക്കന വചനഗളു) എന്ന ഗ്രന്ഥത്തിൽ നിന്നുള്ളവയാണു് ഞാൻ ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന വചനങ്ങൾ. ഇവയിൽ ഇരുന്നൂറ്റിമൂന്നു് വചനങ്ങൾ ഈ ലേഖകൻ പരിഭാഷ ചെയ്തതു് Songs For Siva എന്ന പേരിൽ Yale University Press പ്രസിദ്ധീകരിച്ചിട്ടുണ്ടു്. (എന്റെ അറിവിൽപ്പെട്ടിടത്തോളം) കന്നഡത്തിൽനിന്നു് നേരിട്ടു് മലയാളത്തിലേക്കു് ഇതാദ്യമായാണു് അക്കന്റെ വചനങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നതു്. (ശ്രീ. ഡി. വിനയ ചന്ദ്രനും, ശ്രീ. എം. രാമയുമടങ്ങിയവർ ചേർന്നു ചെയ്തതും സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതുമായ വചനങ്ങളെ വിസ്മരിക്കുന്നില്ല). ശ്രീ. എ. കെ. രാമാനുജൻ വിവർത്തനം ചെയ്തു് ‘പെൻഗ്വിൻ’ പുറത്തിറക്കിയ Speaking of Siva-യിലൂടെയാണു് ആധുനികർ വചനങ്ങളെ അധികമായി അറിയാൻ തുടങ്ങിയതു്. ഇതിൽ അക്കന്റെ അമ്പതു വചനങ്ങളും അല്ലമ പ്രഭു, ബസവണ്ണൻ, ഭാസിമയ്യ എന്നിവരുടെ തിരഞ്ഞെടുത്ത വചനങ്ങളുമാണുള്ളതു്. നിത്യൻ (ഗുരു നിത്യചൈതന്യയതി) ഇതിൽനിന്നുള്ള പല ശ്ലോകങ്ങളും മലയാളത്തിലാക്കുന്നുണ്ടായിരുന്നു. ഒരിക്കൽ അവ നിത്യനുമൊത്തു് മൂലവുമായി ചേർത്തുവച്ചു പഠിക്കുമ്പോഴാണു് കന്നഡയിൽനിന്നു നേരിട്ടൊരു വിവർത്തനം നന്നായിരിക്കുമെന്ന പൊതുവഭിപ്രായമുണ്ടായതു്. ഇരുപതു വർഷത്തിലധികമായി ഈ ശ്രമം തുടങ്ങിയിട്ടെന്നും ഇപ്പോഴെങ്കിലും ഇതു വെളിച്ചം കാണുന്നതിൽ വളരെ സന്തോഷവും ആശ്വാസവും ഉണ്ടെന്നും പറഞ്ഞുകൊണ്ടു് അക്കന്റെ ജീവചരിത്രത്തിലേക്കു് കുറഞ്ഞൊന്നു പ്രവേശിക്കാൻ ശ്രമിക്കാം.

ചന്നമല്ലികാർജ്ജുനനെന്ന ശിവനോടു് അക്കമഹാദേവിക്കുള്ള പാരസ്പര്യത്തിന്റെ തീവ്രതയാലാകണം, അക്കയെ ശ്രീപാർവ്വതിയുടെ അവതാരംതന്നെയായാണു് വീരശൈവർ കാണുന്നതു്, അതുകൊണ്ടു തന്നെ ചരിത്രവസ്തുതകളും തീയതികളും അപ്രസക്തമാകുന്നു. എന്നാൽ, അക്ക വിവാഹംചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന കൗശികൻ പന്ത്രണ്ടാം നൂറ്റാണ്ടിൽ കർണ്ണാടകത്തിലെ ‘ശിവമൊഗ’ ജില്ലയിലുണ്ടായിരുന്ന ഒരു ജൈനനാടുവാഴിയായിരുന്നുവെന്നതിനു രേഖകളുണ്ടു്. അതിസുന്ദരിയായ മഹാദേവിയെക്കണ്ടു മോഹിച്ചു കൗശികരാജാവു് വിവാഹം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ശൈവപാരമ്പര്യം പിന്തുടർന്നിരുന്ന അവളുടെ മാതാപിതാക്കൾ വിസമ്മതിച്ചെന്നും എന്നാൽ അവരെ രാജകോപത്തിൽനിന്നും രക്ഷിക്കാനായി അക്ക വിവാഹത്തിനു സമ്മതിച്ചെന്നും വിശ്വസിക്കപ്പെടുന്നു. ബാല്യം മുതൽക്കുതന്നെ ശിവനെ സ്വയംവരിച്ചിരുന്ന മഹാദേവി മൂന്നു നിബന്ധനകളോടെയാണു് കൗശികനു വിവാഹസമ്മതം കൊടുത്തതു്.

ഒന്നു്, താൻ സ്വന്തം ഇച്ഛപോലെ ശിവധ്യാനത്തിലേർപ്പെടും; രണ്ടു്, സ്വന്തം ഇച്ഛപോലെ ശിവശരണരുമൊത്തു സമയം കഴിക്കും; മൂന്നു്, സ്വന്തം ഇച്ഛപോലെ ഗുരുസേവയിൽ ഏർപ്പെടും. തന്റെ ഈ മൂന്നു നിബന്ധനകൾ കൗശികരാജാവു് ലംഘിക്കാത്തിടത്തോളം താൻ അദ്ദേഹത്തിന്റെ കൂടെ കഴിയും; അവ തെറ്റിച്ചാൽ സ്വതന്ത്രയായി ജീവിക്കും. മഹാദേവിയുടെ ആ ഉടമ്പടി രാജാവു് അംഗീകരിച്ചു. അവ വളരെ പ്രയാസപ്പെട്ടുതന്നെ പാലിച്ചുപോരവേ ഒരിക്കൽ, ഭിക്ഷാംദേഹിയായ ഒരു ജംഗമൻ (ശൈവഭിക്ഷു) കൊട്ടാരത്തിൽ വന്നു. മഹാദേവി അപ്പോൾ വിശ്രമിക്കയായിരുന്നതിനാൽ ഉണർത്തേണ്ടതില്ലെന്നു രാജാവു് ഭൃത്യരോടു പറഞ്ഞതു് അവർ അനുസരിച്ചെങ്കിലും ഉണർന്നുവന്ന മഹാദേവി ഇനി രണ്ടു കരാറുകളേ ശേഷിക്കുന്നുള്ളുവെന്നു രാജാവിനോടു പറഞ്ഞു.

കുറച്ചുനാൾ കഴിഞ്ഞു്, ധ്യാനത്തിൽ മുഴുകിയിരുന്ന മഹാദേവിയെക്കണ്ടു് ആസക്തനായി രാജാവു് അവളെ കയറിപ്പുണർന്നപ്പോൾ, ഇനിയും ഒരു കരാർ മാത്രമേ തനിക്കും സ്വാതന്ത്ര്യത്തിനുമിടയിൽ ഉള്ളൂവെന്നു് മഹാദേവി കൗശികനെ ഓർമ്മിപ്പിച്ചു. മറ്റൊരിക്കൽ, കൗശികനുമൊത്തു് മഹാദേവി കിടപ്പറയിലായിരിക്കുമ്പോൾ അവളുടെ ദീക്ഷാഗുരു കൊട്ടാരത്തിലേക്കു വന്നു. ഗുരു വന്നതറിഞ്ഞു് സ്വീകരിക്കാൻ ഓടിച്ചെന്ന മഹാദേവിയോടു ഗുരു, ‘പോയി വസ്ത്രം ധരിച്ചിട്ടു വരൂ മകളെ’ എന്നു പറഞ്ഞതനുസരിച്ചു് ദേവി കിടപ്പറയിലേക്കു് മടങ്ങിയെങ്കിലും കുപിതനായ രാജാവു്, ‘മഹാശരണയായ നിനക്കു് ഉടുതുണിയെന്തിനു്’, എന്നുചോദിച്ചു് വസ്ത്രം കൊടുക്കാൻ വിസമ്മതിച്ചു. അപ്പോൾ മഹാദേവി മൂന്നു നിബന്ധനകളും ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഇനി താൻ പൂർണ്ണസ്വതന്ത്രയാണെന്നും രാജാവിനോടു പറഞ്ഞിട്ടു് കൊട്ടാരം വിട്ടിറങ്ങിയെന്നു പറയപ്പെടുന്നു.

ഒരു യുവതിക്കു് നഗ്നയായി തെരുവിലിറങ്ങി നടക്കുകയെന്നതു് അചിന്ത്യമായിരിക്കുന്ന ഇക്കാലത്തു്, എട്ടുനൂറ്റാണ്ടു് മുമ്പു് അങ്ങനെ ചെയ്യാൻ ഒരുമ്പെട്ട മഹാദേവി വളരെ പ്രസക്തമായ ചില സമസ്യകൾ നമുക്കുമുന്നിൽ ഉയർത്തുന്നുണ്ടു്. എന്തുകൊണ്ടാണു് ശരീരം നമുക്കു ലജ്ജാവഹമായിത്തീർന്നിരിക്കുന്നതു്? ആദവും ഹവ്വയും നന്മ-തിന്മകളുടെ കനി പറിച്ചുതിന്നുന്നതോടെ അത്തിയിലകൾകൊണ്ടു് സ്വയം മറയ്ക്കാൻ മാത്രം നാണിച്ചുപോകുന്നതു് എന്താണു്? അതുമുതൽ ഇങ്ങോട്ടു് എന്തെല്ലാംതരം ‘നാണങ്ങൾ’ നമുക്കു മറച്ചുവെയ്ക്കേണ്ടി വരുന്നു? കൊട്ടാരം വിട്ടിറങ്ങി നടക്കുന്ന അക്കമഹാദേവി പൂക്കളോടും കിളികളോടും തുമ്പികളോടുമെല്ലാം തന്റെ ചന്നമല്ലികാർജ്ജുനൻ എവിടെയാണെന്നു് അന്വേഷിക്കുന്നുണ്ടു്. അക്കയുടെ ആ അന്വേഷണം അവസാനിക്കുന്നതു് ഉള്ളതെല്ലാം തന്റെ പതിതന്നെയാണെന്ന തിരിച്ചറിവിലാണു്. അങ്ങനെ, എല്ലാ ശരീരവും ശിവന്റെയാണെന്ന നഗ്നസത്യത്തെ അറിയുന്ന അക്കയ്ക്കു് ആ ശരീരത്തിൽ ലജ്ജിക്കേണ്ടതായി യാതൊന്നുമില്ലെന്നു് സുവ്യക്തമാണു്. ശിവന്റെ ഉള്ളിലായവളാണു് താനെന്നു് അക്കതന്നെ ഒരിടത്തു് പറയുന്നുണ്ടു്. ഇവിടെ, താനായിരിക്കുന്ന ഉണ്മയുടെ പൂർണ്ണതയെ, വിശ്വവ്യാപകതയെ, അറിയുന്നതാണു് ഭയങ്ങളിൽനിന്നെല്ലാം അക്കയെ മോചിപ്പിക്കുന്നതു്. ഇതിനുവിരുദ്ധമായി തന്റെ സ്വത്വത്തെ നന്മ-തിന്മകളുടെ സാപേക്ഷികതയിലൂടെ, ഉള്ളതിൽനിന്നെല്ലാം അന്യവൽക്കരിച്ചു്, കാണുന്ന അശ്ലീലത്തിൽനിന്നാണു് ഭയങ്ങളും നാണങ്ങളുമെല്ലാം ഉടലെടുക്കുന്നതു്. ദൈവരാജ്യത്തിൽ (ഏദൻ തോട്ടത്തിൽ) തങ്ങളെന്നു പ്രവേശിക്കുമെന്നു ചോദിക്കുന്ന ശിഷ്യരോടു് യേശു, ‘നിങ്ങൾ എന്നു ശിശുക്കളെപ്പോലെ ഉടുതുണികൾ ഉരിഞ്ഞു കളഞ്ഞിട്ടു്, അവയുടെ മേൽ നൃത്തം ചവിട്ടുമോ, അന്നു നിങ്ങൾ ദൈവരാജ്യത്തിൽ പ്രവേശിക്കും’ എന്നാണു് മറുപടി പറയുന്നതു് (തോമസിന്റെ സുവിശേഷം, വചനം: 37).

ജൈനരിലെ തീവ്ര ആദ്ധ്യാത്മികപാരമ്പര്യമുള്ള ‘ദിഗംബരരും’ അക്കയ്ക്കു പ്രചോദനം നൽകിയിരിക്കാം. കൊട്ടാരത്തിൽനിന്നും അനുഭവമണ്ഡപത്തിലേയ്ക്കാണു് മഹാദേവി പോകുന്നതു്. വചനങ്ങളുടെ വിപ്ലവം ജ്വലിച്ചുനിന്ന കാലമായിരുന്നു അന്നു്. ബസവാദി ശരണരുടെ പ്രശസ്തിയും അതിന്റെ മൂർദ്ധന്യത്തിലായിരുന്നു. ഇതൊക്കെ മഹാദേവിയെ അങ്ങോട്ടാകർഷിച്ചിരിക്കണം. അവിടെയെത്തിയപ്പോൾ അദ്ധ്യക്ഷസ്ഥാനത്തിരുന്ന ഗുരു അല്ലമപ്രഭു, മഹാദേവിയോടു് കർക്കശമായ ചോദ്യങ്ങൾ ചോദിക്കുന്നു: ‘നിന്റെ ഭർത്താവാരു്?’ എന്നായിരുന്നു ആദ്യചോദ്യം. ‘ശിവനേ, നീയെന്റെ പതിയാകണമെന്നു് അനന്തകാലം തപിച്ചവൾ ഞാൻ…’ എന്ന സുപ്രസിദ്ധ വചനമായിരുന്നു ഉത്തരം. ‘ദേഹാഭിമാനം ഇല്ലാത്തവളെങ്കിൽ എന്തിനു മുടികൊണ്ടു ശരീരം മറയ്ക്കുന്നു’വെന്നതായിരുന്നു പ്രഭുദേവരുടെ അടുത്ത ചോദ്യം. ‘നെഞ്ചിൽ കാമദേവന്റെ മുദ്രയുള്ളതു് കണ്ടു് നിങ്ങൾക്കു് മനക്ഷോഭം ഉണ്ടായെങ്കിലോ എന്ന ശങ്കയാലാണു് താൻ മാറുമറച്ചതെന്നും, ചന്നമല്ലികാർജ്ജുനന്റെ ഉള്ളിലായവളെ ചോദ്യം ചെയ്യേണ്ടതില്ലെന്നും മറുപടി പറഞ്ഞ മഹാദേവിയെ അല്ലമപ്രഭു തന്റെ ജേഷ്ഠസഹോദരിയായി ഗണിക്കുകയും ‘അക്ക’ എന്നു വിളിക്കുകയും ചെയ്തു. അങ്ങിനെയാണു് മഹാദേവി ‘അക്കമഹാദേവി’യായതു്. ബസവണ്ണനാകട്ടെ ‘എന്നെ പെറ്റ അമ്മ’ എന്നുപറഞ്ഞു് മഹാദേവിയുടെ സാക്ഷാത്കാരത്തിന്റെ ഔന്നത്യം അംഗീകരിക്കുകയാണു്. അക്കയ്ക്ക്, അല്ലമ്മപ്രഭുവിനോടും ബസവണ്ണനോടുമുള്ള പാരസ്പര്യവും അക്കയുടെ വചനങ്ങളിൽ പലയിടത്തും കാണാവുന്നതാണു്. (തുടരും)

Leave a Reply

error: Content is protected !!